Advertisement

കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യം; ശശി തരൂര്‍ എംപി

March 10, 2022
Google News 2 minutes Read
Shashi Tharoor MP

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനത്തിന് ശേഷം പ്രതികരണവുമായി നേതാക്കള്‍. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമെന്നാണ് ശശി തരൂര്‍ എംപിയുടെ പ്രതികരണം. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന അജണ്ടയും ആശയവും നവീകരിക്കേണ്ട സമയമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലങ്ങളില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കുന്ന എല്ലാവരും വേദനിക്കുകയാണ്’. ശശി തരൂര്‍ എംപി പ്രതികരിച്ചു.

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്.ഒരു കാര്യം വ്യക്തമാണ് നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ്’. എംപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം തോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളും, ജനവിധി അംഗീകരിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍. കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദി. ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

പരാജയം ഒരു പാഠമാണെന്നായിരുന്നു ഫലപ്രഖ്യാപനങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വി പരിശോധിക്കാന്‍ സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിളിക്കും. അടിയന്തര പ്രവര്‍ത്തക സമിതി ഉടന്‍ ചേരും. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് നാലരവര്‍ഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. മാറ്റത്തിനായി ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്തു എന്നും സുര്‍ജെവാല പറഞ്ഞു.

Read Also : യഥാർത്ഥ പേര് മറ്റൊന്ന്; മഠാധിപതിയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യോഗിയുടെ യാത്ര

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നീങ്ങുന്നത്. പഞ്ചാബിലെ ഭരണം നഷ്ടമായതാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലംതൊട്ടില്ല. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്.

Story Highlights: Shashi Tharoor MP, Congress, assembly elections 2022 results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here