‘പരാജയപ്പെടുത്തിയത് മാധ്യമങ്ങളുടെ അജണ്ട’; ചാനല്‍ ഡിബേറ്റുകള്‍ ബഹിഷ്‌കരിച്ച് ബിഎസ്പി

ഉത്തര്‍പ്രദേശില്‍ തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്തുക എന്നത് മാധ്യമങ്ങളുടെ അജണ്ടയായിരുന്നുവെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. ബിഎസ്പി മുന്നോട്ടുവെക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. ഇത് തന്റെ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് മായാവതി പറഞ്ഞു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിഎസ്പി നേതാക്കള്‍ ടെലിവിഷന്‍ ഡിബേറ്റുകള്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്.
ബിജെപിയുടെ ബി ടീമാണ് ബിഎസ്പി എന്ന തരത്തില്‍ മനപൂര്‍വം നടത്തിയ പ്രചരണങ്ങള്‍ മുസ്ലീം വിഭാഗങ്ങളേയും ബിജെപി വിരുദ്ധരേയും തന്റെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് മായാവതി കുറ്റപ്പെടുത്തി. അംബേദ്കറൈറ്റ് രാഷ്ട്രീയത്തിനെതിരായ വിദ്വേഷ പ്രചരണങ്ങളാണ് തന്റെ പാര്‍ട്ടിയെ ഉത്തര്‍പ്രദേശില്‍ പരാജയപ്പെടുത്തിയതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ബിഎസ്പിക്കൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ഉറപ്പിക്കാന്‍ കഴിയാത്തത് പാളിച്ചയായി മായാവതി വിലയിരുത്തിയിരുന്നു. ഇത് തങ്ങളെ സംബന്ധിച്ച് നിഷ്ഠുരമായ ഒരു പാഠമാണ്. തങ്ങള്‍ മുസ്ലീം വിഭാഗത്തെ വിശ്വസിച്ചിരുന്നുവെന്നും ഈ പരാജയത്തിന്റെ പാഠങ്ങള്‍ മനസില്‍ സൂക്ഷിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മുസ്ലീം വിരുദ്ധ പ്രചരണപരിപാടികളിലൂടെയാണ് ഉത്തര്‍പ്രദേശ് ബിജെപി പിടിച്ചെടുത്തതെന്നും മായാവതി ആരോപിച്ചു.
ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജനങ്ങള്‍ കണ്ടത്. 2007ല്‍ 206 സീറ്റുകള്‍ നേടിയ ബിഎസ്പി 2022ല്‍ വെറും ഒരൊറ്റ സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ച ഒരേസമയം ദയനീയവും കൗതുകകരവുമായിരുന്നു.
2017ല്‍ യോഗി തരംഗത്തിനിടെ ബിഎസ്പി 19 സീറ്റുകളില്‍ ഒതുങ്ങിയപ്പോള്‍ ഞെട്ടലോടെയായിരുന്നു രാജ്യം ആ പരാജയത്തെ നോക്കിക്കണ്ടത്. ഇത്തവണ പാര്‍ട്ടി നാമാവശേഷമായതോടെ ബിഎസ്പി ഗുരുതരമായ അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. മായാവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ബിഎസ്പിയുടെ ആനയ്ക്ക് കൂച്ചുവിലങ്ങിട്ടതോടെ അവര്‍ക്ക് ബിജെപിയെ എതിരിടാനുള്ള ശക്തി നഷ്ടപ്പെടുകയായിരുന്നു.
Story Highlights: bsp boycott tv debates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here