Advertisement

കോണ്‍ഗ്രസ് വിജയസാധ്യതാ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളാകാന്‍ കുത്തൊഴുക്ക്; അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്

March 13, 2022
Google News 1 minute Read
rajyasabha seat

കോണ്‍ഗ്രസിന് വിജയിക്കാനാകുന്ന സീറ്റിലേക്ക് രാജ്യസഭാ മോഹികളുടെ കുത്തൊഴുക്ക്. നേതൃത്വം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെങ്കിലും സ്ഥാനമോഹികള്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം കൂടി പരിഗണിച്ച് ഹൈക്കമാന്റാകും സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഇനി മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ്സില്‍ രാജ്യസഭാ മോഹികള്‍ നീക്കങ്ങള്‍ സജീവമാക്കിയത്. ഘടകകക്ഷികളില്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സീറ്റ് കോണ്‍ഗ്രസ്സ് തന്നെ ഏറ്റെടുക്കും. ദേശീയ രാഷ്ട്രീയത്തിലെ അനുഭവ സമ്പത്ത് പരിഗണിച്ച് മുല്ലപ്പളളി രാമചന്ദ്രനെ രാജ്യസഭയിലേക്ക് അയക്കാന്‍ കേന്ദ്രനേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് സൂചന.

അതേസമയം, സാമുദായിക സന്തുലനം പരിഗണിച്ച് എം എം ഹസന്റെ പേരും ചര്‍ച്ചകളിലുണ്ട്. മുന്നണി സംവിധാനത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കെ സി ജോസഫിനെ യുഡിഎഫ് കണ്‍വീനറാക്കി, എം എം ഹസനെ രാജ്യസഭയിലേക്ക് അയക്കാമെന്നതാണ് ആലോചന. കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തിയ ചെറിയാന്‍ ഫിലിപ്പിന് നറുക്ക് വീഴുമോ എന്നതും പലരും ഉറ്റുനോക്കുകയാണ്. കെ വി തോമസിന് പുറമേ, പന്തളം സുധാകരന്‍, സതീശന്‍ പാച്ചേനി എന്നിവരും രാജ്യസഭാ സീറ്റ് ആഗ്രഹിക്കുന്നുണ്ട്.

Read Also : തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

സിപിഐഎമ്മിന്റെ പാത പിന്തുടര്‍ന്ന് തലമുറ മാറ്റ പരീക്ഷണത്തിന് കോണ്‍ഗ്രസ്സ് തയ്യാറാകുമോയെന്നതും ശ്രദ്ധേയമാണ്. അങ്ങനെയെങ്കില്‍ യുവനിരയില്‍ നിന്ന് എം ലിജു, വി ടി ബല്‍റാം, വനിതാനിരയില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, ഡോ.ഷമാ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ക്കാകും നറുക്ക് വീഴുക. മൂന്ന് പതിറ്റാണ്ടായി യുഡിഎഫിനൊപ്പം അടിയുറച്ചു നിന്നിട്ടും പാര്‍ലമെന്ററി പദവികളിലേക്ക് അവസരം ലഭിക്കാത്ത സി എം പി നേതാവ് സി പി ജോണിനും രാജ്യസഭയിലേക്ക് ആഗ്രമുണ്ട്. ഇക്കാര്യം മുന്നണിനേതൃത്വത്തോട് ആവശ്യപ്പെടാനുളള തയ്യാറെടുപ്പിലാണ് അദ്ദേഹം. എന്നാല്‍, ആകെയുളള സീറ്റ് സീറ്റ് ഘടകകക്ഷിക്ക് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാവില്ല.

Story Highlights: rajyasabha seat, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here