പിങ്ക് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവം; സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22ലേക്കാണ് ഹർജി മാറ്റിയത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹാജരാകുന്നതിനായാണ് മാറ്റിയത്.
നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വാദിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു സംഭവം. ഐഎസ്ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ ലഭിച്ചു.
Story Highlights: pink police case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here