Advertisement

‘അസനി’ ഇതെന്ത് പേര്? ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് എന്തിന്?

March 21, 2022
Google News 2 minutes Read

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘അസനി'(asani). തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ആദ്യം തീവ്ര ന്യൂനമർദമായും പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. 70 കിലോമീറ്ററിനും 90 കിലോമീറ്ററിനും ഇടയിൽ കാറ്റ് വീശുന്ന ചുഴലിക്കാറ്റാണ് ഇതെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആൻഡമാൻ നിക്കോബാര്‍ ദ്വീപുകള്‍ അസനി ഭീതിയിലാണ്.

ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് ‘അസാനി’ എന്ന് പേര് നൽകിയത്. സിംഹള ഭാഷയില്‍ അസനി എന്നാല്‍ ‘ക്രോധം’ എന്നാണ് അര്‍ഥം. ചിലർക്കെങ്കിലും ഉണ്ടാകുന്ന സംശയമാണ് എങ്ങനെയാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതെന്ന്? ആരാണ് പേര് നൽകുന്നത്? എന്തിനാണ് ഇങ്ങനെ പേരിടുന്നത്? വിശദമായി നോക്കാം…

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പുകള്‍ നല്‍കാനും പേരുകള്‍ നല്‍കാനും ആറു പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളും(RSMCs) അഞ്ച് ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ്(TCWCs) ഉള്ളത്. ഈ പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടെ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വികസിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേര് നൽകാറുള്ളത് ഐഎംഡിയാണ്(IMD).

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് ഇടാനുള്ള 169 പേരുകളുടെ പുതിയ പട്ടിക കേന്ദ്ര കാലാവസ്ഥ വകുപ്പ് 2020ല്‍ പുറത്തിറക്കിയിരുന്നു. ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലൻഡ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യെമൻ എന്നീ 13 അംഗ രാജ്യങ്ങളാണ് പേരുകൾ നിർദേശിക്കുന്നത്. മാനദണ്ഡൾ പ്രകാരം ഇത്തവണ ശ്രീലങ്കയുടെ ഊഴമാണ്.

ബംഗാൾ ഉൾക്കടലും അറബിക്കടലും ഉൾപ്പെടെ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ വികസിക്കുന്ന ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് ഇന്ത്യയാണ്. ഒരു പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഒരേ സമയം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൂടിക്കലരുന്നത് ഒഴിവാക്കുക, ഓരോ ചുഴലിക്കാറ്റുകളെയും എളുപ്പത്തില്‍ ഓര്‍ത്തെടുക്കുക, ആളുകള്‍ക്ക് എളുപ്പത്തില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്.

Story Highlights: how cyclone asani got its name

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here