Advertisement

അമിത വണ്ണം: സംശയങ്ങളും മറുപടിയും

March 22, 2022
Google News 2 minutes Read

തിരക്കുപിടിച്ച ജീവിതവും ക്രമരഹിതമായ ആഹാരശൈലിയും പതിവായ ഈ കാലഘട്ടത്തില്‍ പൊണ്ണത്തടിയും അനുബന്ധ പ്രശ്നങ്ങളും കൂടിവരികയാണ്. കൊവിഡും ലോക്ക്ഡൗണും കൂടിയായപ്പോള്‍ ഈ പ്രശ്നങ്ങള്‍ വര്‍ധിച്ചു. അതിനാല്‍ അമിത വണ്ണത്തേയും അനുബന്ധ പ്രശ്നങ്ങളേയും കുറിച്ച് എല്ലാവര്‍ക്കും അവബോധം ആവശ്യമാണ്. അമിതവണ്ണത്തെക്കുറിച്ച് പതിവായി ഉന്നയിക്കപ്പെടുന്ന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും പരിശോധിക്കാം.(weight loss faq)

എന്താണ് അമിത വണ്ണം?

ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിത വണ്ണമെന്ന് ലളിതമായി പറയാം. ബോഡി മാസ് ഇന്‍ഡക്സ് 30ന് മുകളില്‍ വരുന്ന അവസ്ഥയെയാണ് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ അമിത വണ്ണമായി പരിഗണിക്കുന്നത്. ബിഎംഐ 30നും 40നും ഇടയില്‍ വരുമ്പോള്‍ അതിനെ ഫേസ് ഒന്ന് എന്നും 40-50 പരിധിയില്‍ വരുന്ന അവസ്ഥയെ ഫേസ് 2 എന്നും 50-60 വരുന്ന അവസ്ഥയെ ഫേസ് 3 എന്നും വിളിക്കാം.

അമിത വണ്ണം ഉണ്ടാകുന്നതെങ്ങനെയാണ്?

അമിത വണ്ണം 25 ശതമാനമെങ്കിലും പാരമ്പര്യമായി ഉണ്ടാകുന്നതാണ്. എന്നാല്‍ ജീവിതശൈലി തന്നെയാണ് അമിത വണ്ണം ഉണ്ടാകാനുള്ള പ്രധാന കാരണം. എന്ത് ജോലി ചെയ്യുന്നു, എത്ര ഭക്ഷണം കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അമിത വണ്ണമുണ്ടാകാനുള്ള സാധ്യത കണക്കാക്കുന്നത്. ഉദാഹരണത്തിന് ശരാശരി ശാരീരിക പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താല്‍ 1000 കലോറി മാത്രം ദിവസവും ആവശ്യമുള്ള ഒരാള്‍ 2000 കലോറിയുള്ള ഭക്ഷണം കഴിച്ചാല്‍ അയാള്‍ക്ക് അമിതവണ്ണമുണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. വെറുതെ ഇരിക്കുന്നവര്‍ക്കും ഊര്‍ജം ആവശ്യമാണ്. കായികാധ്വാനം ചെയ്യുന്നവര്‍ക്കും ഊര്‍ജം ആവശ്യമാണ്. അതിന്റെ അളവില്‍ വ്യത്യാസമുണ്ടാകുമെന്ന് മാത്രം.

Read Also : കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ

കേവലം സൗന്ദര്യപ്രശ്നം മാത്രമാണോ അമിത വണ്ണം? അമിത വണ്ണം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാമാണ്?

പലരുടേയും തെറ്റിദ്ധാരണയണ് അത്. 40 അസുഖങ്ങള്‍ക്കെങ്കിലും വഴിവെക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് അമിത വണ്ണം. പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും മുതല്‍ സ്തനാര്‍ബുദത്തിനും ഗര്‍ഭാശയ പ്രശ്നങ്ങള്‍ക്കും വരെ അമിത വണ്ണം വഴിവെക്കാം. കാഴ്ച വരെ അപകടത്തിലാകാം.

ജീവിതശൈലി മാറ്റിക്കൊണ്ട് മാത്രം വണ്ണം കുറയ്ക്കാന്‍ സാധിക്കുമോ?

ഇത് നിങ്ങള്‍ അമിത വണ്ണത്തിന്റെ ഏത് വിഭാഗത്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും. ബിഎംഇ 30-35 ഒക്കെയാണെങ്കില്‍ ഭക്ഷണ നിയന്ത്രണവും വ്യയാമവും കൊണ്ട് വണ്ണം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ഈ പരിധി കടന്നാല്‍ അത് എളുപ്പമായിരിക്കില്ല. വണ്ണം കൂടന്നതിനനുസരിച്ച് ആമാശയത്തിന്റെ വലിപ്പം കൂടുന്നു. ഇങ്ങനെ വരുമ്പോള്‍ എത്ര ഭക്ഷണം കഴിച്ചാലും വയറ് നിറയുന്നില്ല എന്ന സ്ഥിതിവരും. അവര്‍ക്ക് കഠിനമായി വ്യായാമം ചെയ്യാനും ബുദ്ധിമുട്ടാകും. ഇത്തരം അവസരങ്ങളിലാണ് ലാപ്രോസ്‌കോപിക് ബറിയാട്രിക് സര്‍ജറി ആവശ്യമായി വരുന്നത്.

ലാപ്രോസ്‌കോപിക് ബറിയാട്രിക് സര്‍ജറി സുരക്ഷിതമോ?

പണ്ട് അമിത വണ്ണത്തിനായുള്ള ലാപ്രോസ്‌കോപിക് ബറിയാട്രിക് സര്‍ജറി വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കാരണം 1967 മുതല്‍ 1992 വരെയുള്ള കാലത്ത് ഇത് ഓപ്പണ്‍ സര്‍ജറിയായിരുന്നു. അമിത വണ്ണമുള്ളവരുടെ വയറില്‍ വലിയ മുറിവുണ്ടാക്കി സര്‍ജറി നടത്തുന്നതിന് റിസ്‌കുകള്‍ ഒത്തിരിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതല്ല അവസ്ഥ. വയര്‍ തുറക്കാതെ സര്‍ജറി നടത്താം. വിലകൂടിയ എന്‍ഡോസ്റ്റ്ളേഴ്സാണ് സര്‍ജറിക്കായി ഉപയോഗിക്കുന്നത്. ഇത് വളരെ സുരക്ഷിതമാണ്.

സര്‍ജറിയിലൂടെ എന്താണ് ചെയ്യുന്നത്?

ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുകയും കൊഴുപ്പ് ആഗിരണം ചെയാനുള്ള ശേഷി കുറയ്ക്കുകയുമാണ് പ്രധാനമായും ചെയ്യുന്നത്. ഇതുവഴി ഭാരം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സാധിക്കുന്നു.

സര്‍ജറി കഴിഞ്ഞാല്‍ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്?

സര്‍ജറി വളരെ സുരക്ഷിതമാണ്. ചില സന്ദര്‍ഭങ്ങളില്‍ കാല്‍സ്യം,ബി12 എന്നിവ ആദ്യത്തെ നാലോ അഞ്ചോ വര്‍ഷമോ സപ്ലിമെന്റ് ചെയ്യേണ്ടതായി വരും. സ്ഥിരമായി രക്തപരിശോധന നടത്തണം. സര്‍ജറി കഴിഞ്ഞാല്‍ സ്ഥിരമായി വ്യായാമവും ചെയ്യണം.

സര്‍ജറി ചെയ്യാനായി ഇന്‍ഷുറന്‍ ലഭിക്കുമോ?

മുന്‍പൊക്കെ ലാപ്രോസ്‌കോപിക് ബറിയാട്രിക് സര്‍ജറിയെ കോസ്മെറ്റിക് സര്‍ജറിയായി പരിഗണിച്ചതുകൊണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത് കോസ്‌മെറ്റിക് സര്‍ജറിയല്ലെന്ന് വിദഗ്ധരും സര്‍ക്കാരും കോടതിയും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം ഇന്‍ഷുറന്‍സ് കവറേജില്‍ ബറിയാട്രിക് സര്‍ജറിയെ ഉള്‍പ്പെടുത്തുന്നുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ മുഹമ്മദ് ഇസ്മയില്‍, ചീഫ് സര്‍ജന്‍, പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍

Story Highlights: weight loss faq

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here