Advertisement

ഇന്ത്യൻ ക്യാപ്റ്റനാകാൻ വേണ്ടി ഐപിഎൽ കളിക്കരുത്, രാഹുലിന് മുന്നറിയിപ്പ് നൽകി ഗംഭീർ

March 23, 2022
Google News 2 minutes Read

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) കരിയറിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കെ എൽ രാഹുൽ(K L Rahul). കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബ് കിംഗ്‌സിന്റെ(Punjab Kings) ക്യാപ്റ്റനായിരുന്ന രാഹുൽ ഈ വർഷം അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ(LSG) നയിക്കും. 2020ൽ ഏറെ പ്രതീക്ഷകളോടെയാണ് താരത്തെ പഞ്ചാബ് കിംഗ്സ് നായകനാക്കിയത്. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ രാഹുൽ പരാജയപ്പെട്ടു.

രണ്ട് സീസണിലും പ്ലേഓഫ് കാണാതെ പഞ്ചാബ് പുറത്തായി. ഓപ്പണർ എന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ചെങ്കിലും മധ്യനിരയിലെ പിന്തുണയുടെ അഭാവം, ടീമിലെ അസന്തുലിതാവസ്ഥ എന്നിവ തിരിച്ചടിയായി. പോരായ്മകൾ മറികടന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കെ എൽ രാഹുൽ. സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറും ടീമിനൊപ്പമുണ്ട്.

പഞ്ചാബ് കിംഗ്‌സിലെ പിഴവുകൾ ആവർത്തിക്കരുതെന്നാണ് രാഹുലിനോട് ഗംഭീറിന് പറയാനുള്ളത്. എല്ലാ മത്സരത്തിലും കൃത്യമായ ഗെയിം പ്ലാൻ ഉണ്ടാകണം. സഹതാരങ്ങളെ പറ്റി ധാരണ വേണം. കളിക്കളത്തിലും പുറത്തും ലഖ്‌നൗവിനെ നയിക്കുക രാഹുലാണ്. ടീമിൻ്റെ വിക്കറ്റ് കീപ്പർ രാഹുൽ ആയിരിക്കില്ലെന്നും, പകരം ക്വിന്റൺ ഡി കോക്കാണ് കീപ്പർ ആകുമെന്നും, ക്യാപ്റ്റനെന്ന നിലയിലെ സമ്മർദ്ദം ഒഴിവാക്കാനാണ് തീരുമാനമെന്നും ഗംഭീർ പറഞ്ഞു.

കെ എൽ രാഹുൽ എന്ന ബാറ്റർ പ്രധാനമാണ്. പക്ഷേ ടീമിന് വേണ്ടത് ബാറ്റ് ചെയ്യാൻ കഴിവുള്ള നായകനെയല്ല, മറിച്ച് നയിക്കാൻ പ്രാപ്തിയുള്ള ക്യാപ്റ്റനെയാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു. നായകന്മാർ റിസ്ക് എടുക്കാൻ പഠിക്കണം, രാഹുൽ റിസ്ക് എടുക്കുമെന്ന് കരുതുന്നു. വിജയിക്കുമോ ഇല്ലയോ എന്നത് ചിന്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ പദവിയിൽ രാഹുലിന് ഗംഭീർ മുന്നറിയിപ്പ് നൽകി.

ദേശീയ ടീമിനെ നോക്കി ആരും ഐപിഎല്ലിൽ കളിക്കരുതെന്ന് ഗംഭീർ പറഞ്ഞു. ഐപിഎൽ പ്രകടനങ്ങൾ രാഹുലിന് ഇന്ത്യൻ ക്യാപ്റ്റൻസി ഉറപ്പ് നൽകില്ലെന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്റർ വ്യക്തമാക്കി. നിലവിൽ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രാഹുൽ. സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ ഏതാനും മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ രാഹുൽ നയിച്ചിരുന്നു. സഹ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ മാർച്ച് 28നാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ആദ്യ മത്സരം.

Story Highlights: gautam gambhir issues warning to kl rahul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here