Advertisement

എംഡിഎംഎ വിൽപ്പന നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം ടെ​ലി​ഗ്രാം ​​ഗ്രൂപ്പിലൂടെ ; “പണി ഡ്രോപ്പ് ചെയ്തിട്ടുണ്ട് ” എന്ന കോഡിന് “ടാസ്ക് കംപ്ലീറ്റഡ്” എന്ന മറുകോഡ്, ഹരികൃഷ്ണനെ കുടുക്കി എക്സൈസ്

March 23, 2022
Google News 3 minutes Read
IT expert arrested for leading Knight Riders task team with MDMA

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന “നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം” എന്ന മയക്ക് മരുന്ന് വിതരണ ശ്യംഖലയിലെ പ്രധാനിയായ ഐ.ടി വിദഗ്ധൻ എംഡിംഎംഎയുമായി ( MDMA ) പിടിയിൽ. ഇലക്ട്രോണിക് എഞ്ചിനിയറിംഗ് ബിടെക് ബിരുദധാരിയായ ചേർത്തല – അരൂർ പള്ളി, കടവിൽ പറമ്പിൽ വീട്ടിൽ രാമചന്ദ്ര ബാബു മകൻ ഹരികൃഷ്ണൻ (24) എന്നയാളാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെയും എറണാകുളം സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. ( night Riders task team ).

നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയായിരുന്നു ഇയാൾ മയക്ക് മരുന്ന് ശ്യംഖല വ്യാപിപ്പിച്ചിരുന്നത്. ഏജന്റ് മുഖേന ബാംഗ്ലൂരിൽ നിന്ന് മൊത്തമായി എംഡിഎംഎ വാങ്ങിയ ശേഷം ” നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം ” എന്ന പ്രത്യേക ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി യുവാക്കളെ ഉപയോഗിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. മയക്ക് മരുന്നുമായി അർദ്ദരാത്രിക്ക് ശേഷം മാത്രം പുറത്തിറങ്ങുന്ന ഇയാൾ, ഒരിക്കൽ പോലും നേരിട്ട് വിൽപ്പന നടത്താറില്ല. എംഡിഎംഎ അടങ്ങിയ പോളിത്തീൻ പാക്കറ്റ് ടൗൺ ഭാഗങ്ങളിൽ തിരക്കൊഴിഞ്ഞ ഇട റോഡുകളിൽ സുരക്ഷിതമായ സ്ഥലത്ത് ഇട്ടശേഷം, മയക്ക് മരുന്ന് എടുത്ത് വിതരണം ചെയ്യാൻ വരുന്നവരുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് മയക്ക് മരുന്ന് ഇട്ടിരിക്കുന്ന സ്ഥലത്തിന്റെ “ഷാർപ്പ് ലൊക്കേഷൻ” അയച്ച് നൽകുന്നതാണ് ഇടപാടിന്റെ രീതി. ഇതിന് പ്രത്യേകം കോഡും ഉണ്ട്. അത് “പണി ഡ്രോപ്പ് ചെയ്തിട്ടുണ്ട് ” എന്നാണ് ഇടുന്നയാളുടെ കോഡ്. മയക്ക് മരുന്ന് എടുത്ത ശേഷം വിതരണക്കാരൻ “ടാസ്ക് കംപ്ലീറ്റഡ്” എന്ന മറുകോഡ് കൺഫർമേഷൻ ആയി ഇയാൾക്ക് അയച്ച് നൽകണം.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

ഇയാളിൽ നിന്ന് ഇത്തരത്തിൽ എംഡിഎംഎ എടുത്ത് വിതരണം ചെയ്യുന്ന ഏതാനും യുവാക്കൾ അടുത്തിടെ പിടിയിലായി എങ്കിലും ഇയാളിലേയ്ക്ക് എത്തിപ്പെടുവാൻ കഴിഞ്ഞിരുന്നില്ല. വിരണക്കാരിൽ പലരും നേരിൽ ഇയാളെ കണ്ടിട്ടു പോലും ഇല്ല എന്നുള്ളതാണ് വാസ്തവം. വ്യത്യസ്ത ഫോൺ നമ്പറുകളും, വെവ്വേറ ടെലിഗ്രാം ഐഡികളും, വാഹനങ്ങും ഉപയോഗിച്ച് അതീവ സമർത്ഥമായാണ് ഇയാൾ മയക്ക് മരുന്ന് കൈമാറ്റം നടത്തി വന്നിരുന്നത്.

ഒരു ഗ്രാം എംഡിഎംഎ വിൽപ്പന നടത്തിയാൽ വിതരണക്കാരന് ഇയാൾ 1000 രൂപ കമ്മീഷൻ നൽകിയിരുന്നു. പ്രധാനമായും ഹോസ്റ്റലുകളിൽ താമസിച്ച് വരുന്ന യുവാക്കളെയാണ് മയക്കുമരുന്ന് സംഘം ലക്ഷ്യം വച്ചിരുന്നത്. ഇയാളെ ഏത് വിധേനയും പിടികൂടുക എന്ന ലക്ഷ്യത്തോടെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, എറണാകുളം സിറ്റി എക്സൈസ് റേഞ്ചും സംയുക്തമായി പ്രത്യേക ടീം ആയി തിരിഞ്ഞ് ടൗൺ ഭാഗങ്ങളിൽ ഇയാൾ വരുവാൻ സാധ്യതയുള്ള ഇടറോഡുകളിൽ നിരീക്ഷണം ശക്തമാക്കി വരവെ ഇയാൾ വൈറ്റിലക്കടുത്ത് ചളിക്കവട്ടം കുഴുവേലി ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള ഇടറോഡിൽ എംഡിഎംഎയുമായി എത്തിയിട്ടുണ്ടെന്ന് ഷാഡോ ടീം ന് വിവരം ലഭിച്ചു.

Read Also : സിപിഐഎമ്മിന്റെ കൊലപാത രാഷ്ട്രീയം കോണ്‍ഗ്രസ് പിന്തുടരുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിൻതുടർന്ന് എത്തിയ എക്സൈസ് സംഘം ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുവാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിടിക്കപ്പെട്ടതിന് ശേഷവും മാരക അക്രമം അഴിച്ചുവിട്ട ഇയാൾ കണ്ടു നിന്ന നാട്ടുകാരിൽ ഭീതി ഉളവാക്കി. അരഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണെന്നിരിക്കെ ഇയാളിൽ നിന്ന് പിടിച്ചെടുത്തത് 5 ഗ്രാം എംഡിഎംഎ ആണ്. വെറും മൈക്രോ ഗ്രാം മാത്രം മതി മണിക്കൂറുകളോളം ഇതിന്റെ രാസലഹരി നീണ്ടു നിൽക്കാൻ. അളവ് അൽപം കൂടിയാൽ ഒരു പക്ഷേ ഉപഭോക്താവ് മരണപ്പെട്ടേക്കാം. ഈ മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ് കുമാർ, അസ്സി. ഇൻസ്പെക്ടർ കെ.ആർ രാം പ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ സത്യ നാരായണൻ ഇ.എസ്, രമേശൻ കെ.കെ, സിറ്റി മെട്രൊ ഷാഡോയിലെ എൻ.ഡി.ടോമി, എൻ.ജി.അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ജിതീഷ്, വിമൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Story Highlights: IT expert arrested for leading night Riders task team with MDMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here