ഇങ്ങനെയും ട്രെന്‍ഡുകളുണ്ടായിരുന്നോ? കേട്ടാല്‍ വിശ്വസിക്കാത്ത പഴയ കാല അഞ്ച് ട്രെന്‍ഡി ലുക്കുകള്‍

സൗന്ദര്യത്തെ നിര്‍വചിക്കുന്നതിലും നോക്കിക്കാണുന്നതിലും ഓരോ സമയത്തും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചര്‍മ്മത്തിനും ശരീരത്തിനും ദോഷകരമാകുന്ന, എന്തിന് മരണത്തിന് വരെ കാരണമാകുന്ന ഒട്ടനേകം മാര്‍ഗങ്ങള്‍ സൗന്ദര്യം വര്‍ധിപ്പിക്കാനായി ഓരോ കാലത്തും ആളുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതും ഒരു ട്രെന്‍ഡായിരുന്നോ എന്ന് പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ കഴിയാത്ത ഒട്ടനവധി ട്രെന്‍ഡുകള്‍ വന്നുപോയിട്ടുണ്ട്. അതില്‍ ഏറ്റവും ക്രേസി എന്ന് വിളിക്കാനുന്ന അഞ്ച് ട്രെന്‍ഡുകള്‍ പരിചയപ്പെടാം. ( 5 weird old beauty trends)
കറുകറുത്ത പല്ലുകള്‍
നന്നായി കറുത്ത പല്ലുകളായിരുന്നു ഒരു കാലഘട്ടത്തില്‍ സൗന്ദര്യത്തിന്റെ ലക്ഷണമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടല്ലേ? എന്നാല്‍ 794 മുതല്‍ 1185 വരെയുള്ള കാലത്ത് ജപ്പാനിലെ ഒരു പ്രധാന ട്രെന്‍ഡായിരുന്നു കറുത്ത പല്ലുകള്‍. കരിയും വിനാഗിരിയും വൈനും മറ്റും കൂട്ടിയോജിപ്പിച്ച് തയാറാക്കുന്ന പ്രത്യേക പെയിന്റ് ഉപയോഗിച്ചാണ് ജപ്പാന്‍കാര്‍ സൗന്ദര്യം കൂട്ടാനായി പല്ലില്‍ ചായം തേച്ചിരുന്നത്. പല്ല് വെളുപ്പിക്കാനായി ട്രീറ്റ്‌മെന്റ് നടത്തുന്ന പുതിയ തലമുറയ്ക്ക് അറിയില്ലല്ലോ പണ്ട് പല്ലൊന്ന് കറുത്തുകിട്ടാന്‍ ജപ്പാന്‍കാര്‍ എന്തുമാത്രം കഷ്ടപ്പെട്ടിരുന്നെന്ന്…
Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?
പുരികവും കണ്‍പീലികളും വടിച്ച് കളയല്‍
കൃത്രിമ കണ്‍പീലികള്‍ ഉപയോഗിക്കുക എന്നത് ഇപ്പോള്‍ സര്‍വസാധാരണമാകുകയാണ്. എന്നാല്‍ ഉള്ള കണ്‍പീലികളും പുരികവും വരെ കളയാനാണ് മധ്യകാലത്ത് ബ്രിട്ടണിലെ സ്ത്രീകള്‍ ശ്രമിച്ചിരുന്നത്. പുരികവും കണ്‍പീലിയും ഉള്‍പ്പെടെയുള്ള യാതൊരുവിധ രോമങ്ങളും സ്ത്രീകളുടെ മുഖത്ത് ഇല്ലാതിരിക്കുക എന്നതായിരുന്നു അന്നത്തെ കാലത്ത് സൗന്ദര്യത്തിന്റേയും അന്തസിന്റേയും ലക്ഷണം.
കൂട്ടപുരികങ്ങള്‍ക്ക് ആടിന്റെ രോമം
പുരികങ്ങളേ ഇല്ലാത്ത ട്രെന്‍ഡിന് ശേഷം വന്നത് കൂട്ട പുരികങ്ങള്‍ അന്തസിന്റെ പ്രതീകമായി കരുതിയിരുന്ന ട്രെന്‍ഡാണ്. ചിലര്‍ക്ക് പുരികങ്ങള്‍ തനിയെ കൂട്ടിമുട്ടിയെങ്കിലും ചിലരുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല. അങ്ങനെവന്നപ്പോള്‍ ആടിന്റെ രോമങ്ങള്‍ വെട്ടിയെടുത്ത് പുരികങ്ങള്‍ക്കിടയില്‍ ഒട്ടിച്ചുവെക്കാന്‍ അവര്‍ തീരുമാനിച്ചു. പിന്നീട് ഈ ബുദ്ധി വലിയ രീതിയില്‍ ക്ലിക്കാകുകയായിരുന്നു.
അരക്കെട്ടിലെ കൊഴുപ്പ് കളയാന്‍ നാടവിര ഗുളിക
മെലിഞ്ഞ ശരീരവും ഒതുങ്ങിയ അരക്കെട്ടുമാണ് വിക്ടോറിയന്‍ കാലഘട്ടത്തില്‍ സൗന്ദര്യത്തിന്റെ പ്രധാന മാനദണ്ഡമായി പരിഗണിച്ചിരുന്നത്. ആകാര വടിവ് നഷ്ടപ്പെടുമോ എന്ന പേടിയില്‍ തീരെ ഭക്ഷണം കഴിക്കാന്‍ പറ്റാതെ വന്നപ്പോള്‍ എല്ലാവരും പുതിയ ഒരു ആശയം കണ്ടെത്തി. നാടവിര ഗുളികകള്‍ കഴിക്കുക. നാടവിര മുട്ടകളടങ്ങിയ ഗുളികകള്‍ ഭക്ഷണത്തിനൊപ്പം കഴിച്ചാല്‍ തടി വെക്കും എന്ന പേടിയില്ലാതെ എന്തും കഴിക്കാമെന്നായിരുന്നു അന്നത്തെ വിശ്വാസം.
വെളുക്കാന്‍ യോദ്ധാവിന്റെ വിയര്‍പ്പ്
നിരവധി പേരെ തോല്‍പ്പിക്കുന്ന ധീരനായ യോദ്ധാവിന്റെ നെറ്റിയിലും മറ്റും പൊടിയുന്ന വിയര്‍പ്പ് പുരട്ടിയാല്‍ മുഖം വെളുക്കുമെന്നായിരുന്നു പ്രാചീന റോമിലെ സ്ത്രീകളുടെ വിശ്വാസം. അതി ധനികരായ സ്ത്രീകള്‍ക്ക് മാത്രമേ യോദ്ധാക്കളുടെ വിയര്‍പ്പ് ധാരളമായി വാങ്ങി സൂക്ഷിക്കാന്‍ അന്ന് കഴിഞ്ഞിരുന്നുള്ളൂ.
Story Highlights: 5 weird old beauty trends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here