Advertisement

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി; വരുമാനത്തിൽ റെക്കോർഡ് വർധനവ്

March 26, 2022
Google News 1 minute Read
ksrtc

സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ റെക്കോർഡ് വർധനവ്. വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ചത്തേത് 6.78 കോടി രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുതിച്ചുയർന്നത്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി അവസരോചിതമായി കൂടുതല്‍ സര്‍വീസുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

സംസ്ഥാനത്തിൽ നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സർക്കാർ ഇന്ന് സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എൽ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച് കെ എസ് ആർ ടി സി പരമാവധി സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും; ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി വരും

അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതം കൂടുതൽ ദുരിതത്തിലാവും.

സ്വകാര്യ ബസ് ഉടമകൾ കഴിഞ്ഞ നവംബറില്‍ തന്നെ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടന്നതെന്നാണ് ബസ് ഉടമകളൾ പറയുന്നത്. ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്.

Story Highlights: Record increase in KSRTC revenue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here