യു.പിയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടുകയും മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊല്ലുകയുമായിരുന്നു. നേപ്പാളിലെ ഡോന്ദ്ര ഗ്രാമവാസിയായ നങ്കുവാണ് കൊല്ലപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലെ കനർസി ഗ്രാമത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രാത്രിയിൽ പ്രദേശവാസിയായ നരേഷിന്റെ വീട്ടിൽ കടന്ന് കയറിയ നങ്കു അഞ്ച് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് വീട്ടുകാർ പറയുന്നത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടിലുള്ളവർ ഉണർന്നത് കണ്ട നങ്കു കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടി മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മർദനത്തിൽ അവശനിലയിലായ നങ്കുവിനെ പൊലീസെത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദേശാനുസരണം അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് നങ്കു മരിച്ചതെന്ന് അഡീഷണൽ ഡിസിപി വിശാൽ പാണ്ഡെ പറഞ്ഞു.
Read Also : 10 പേരെ തീവെച്ചു കൊലപ്പെടുത്തിയ രാംപൂർഹാട്ടിൽ സി.ബി.ഐ സംഘത്തിന്റെ പ്രാഥമിക പരിശോധന
നങ്കുവിന്റെ ഇളയ സഹോദരൻ പഞ്ചറാം നരേഷിനും ബന്ധുക്കൾക്കും നാട്ടുകാർക്കുമെതിരെ കൊലപാതക കുറ്റത്തിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആൾക്കൂട്ട കൊലപാതകത്തിൽ പങ്കുള്ള എല്ലാവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അഡീഷണൽ ഡിസിപി വിശാൽ പാണ്ഡെ വ്യക്തമാക്കി.
Story Highlights: The young man was tied to a tree and beaten to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here