Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (26-03-22)

March 26, 2022
Google News 1 minute Read

നാല് ദിവസം ബാങ്കില്ല; ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദേശം

സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.

സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് ; സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ

സംസ്ഥാനത്തിൽ നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർക്കാർ ഇന്ന് സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എൽ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നു; സർക്കാരിന് എ.ജിയുടെ റിപ്പോർട്ട്

കേരളത്തിൽ സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്നും ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും എ.ജിയുടെ റിപ്പോർട്ട്. കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കോസർ​ഗോഡ് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പരിധിയിൽ കവിഞ്ഞ 212 ഭൂമി രജിസ്ട്രേഷനുകളാണ് അനധിക‍‍ൃതമായി നടന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന് അഡ്വക്കേറ്റ് ജനറൽ റിപ്പോർട്ട് നൽകി.

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും; ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങൾ കൂടി വരും

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നു. ആയുധധാരികൾ ഉൾപ്പടെ 20 വ്യവസായ സേനാം​ഗങ്ങളെ കൂടി വിന്യസിക്കാനാണ് തീരുമാനം. റാപ്പിഡ് റെസ്പോൺസ് ടീം ഉൾപ്പടെ 60 പൊലീസുകാരാണ് നിലവിൽ ക്ലിഫ് ഹൗസിന് സുരക്ഷയൊരുക്കുന്നത്. കൂടുതൽ സേനാ വിന്യാസം ആവശ്യമാണോയെന്ന കാര്യവും പരി​ഗണനയിലാണ്.

സ്വകാര്യ ബസ് സമരത്തിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി; വരുമാനത്തിൽ റെക്കോർഡ് വർധനവ്

സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ റെക്കോർഡ് വർധനവ്. വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ചത്തേത് 6.78 കോടി രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. അതാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുതിച്ചുയർന്നത്.

മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്

മന്ത്രി സജി ചെറിയനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മന്ത്രി സജി ചെറിയാൻ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. നിയമസഭാ തെരെഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലം തെറ്റെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ പരാതി നൽകി.(youth congress compalaint against sajicheriyan)

ബഫർ സോണിൽ വ്യക്തതവരുത്തി കെ റെയിൽ; നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്ക് അഞ്ച് മീറ്ററിൽ മാത്രം

സിൽവർ ലൈൻ ബഫർ സോണിൽ വിശദീകരണവുമായി കെ റെയിൽ രം​ഗത്ത്. വികസന പ്രവർത്തനങ്ങൽ മുൻനിർത്തി റെയിൽവേ ലൈനുകൾക്ക് 30 മീറ്റർ ബഫർ സോൺ നിലവിലുണ്ട്. എന്നാൽ സിൽവർ ലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈൻമെന്റിന്റെ അതിർത്തിയിൽ നിന്ന് ഇരുവശത്തേയ്ക്കും 10 മീറ്റർ മാത്രമാണ് ബഫർ സോൺ. ആ 10 മീറ്ററിൽ ആദ്യത്തെ അഞ്ച് മീറ്ററിൽ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളത്. ബാക്കി അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി.

കോട്ടയത്ത് സ്ഥാപിച്ച സിൽവർ ലൈൻ സർവേ കല്ലുകൾ പിഴുതെറിഞ്ഞ് നാട്ടുകാർ

കോട്ടയം നട്ടാശേരിയിൽ സിൽവർ ലൈനിന്റെ ഭാ​ഗമായി സ്ഥാപിച്ച സർവേക്കല്ലുകൾ നാട്ടുകാർ പിഴുതെറിയുന്നു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുൻപ് ഉദ്യോ​ഗസ്ഥർ സ്ഥാപിച്ചത്. കുഴിയാലിപ്പടി ഭാ​ഗത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് അതിരടയാള കല്ലുകൾ സ്ഥാപിച്ചത്. സർവേക്കല്ലുകളുമായെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞതോടെ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പിഴുത കല്ലുകളുമായി മാർച്ച് നടത്താൻ പോവുകയാണെന്നും പ്രതീകാത്മകമായി വില്ലേജ് ഓഫീസിന് മുന്നിൽ കല്ലിടുമെന്നുമാണ് സമരക്കാർ പറയുന്നത്.

ഹൂതികൾക്കെതിരെ സൗദിയുടെ തിരിച്ചടി; യെമനിൽ വ്യോമാക്രമണം

ജിദ്ദ യിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രം ആക്രമിച്ച ഹൂതികൾക്ക് തിരിച്ചടി നൽകി സൗദി അറേബ്യ.
യെമൻ തലസ്ഥാനമായ സനായിലും ഹുദെയ്‌ദ ഇന്ധന വിതരണ കേന്ദ്രത്തിലും സൗദി അറേബ്യ വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ച ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സൗദിയിലെ അരാംകോ എണ്ണ സംഭരണികൾക്കു തീ പിടിച്ചിരുന്നു. തങ്ങളെ ആക്രമിച്ചവരെ ഇല്ലാതാക്കുമെന്നു സൗദി അറേബ്യ മുന്നറിയിപ്പും നൽകിരുന്നു.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here