യുക്രൈനിൽ നിന്ന് വന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കണമെങ്കിൽ കടമ്പകൾ ബാക്കി ; വിദേശ പഠനത്തിന് ശേഷം ഇന്ത്യൻ പരീക്ഷ പാസാകുന്നവരുടെ എണ്ണം കുറവെന്ന് കണക്കുകൾ

റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ നിരവധി മെഡിക്കൽ വിദ്യാർത്ഥികളാണ് ജീവനും മുറുകെ പിടിച്ച് യുക്രൈൻ വിട്ട് ഇന്ത്യയിലേക്ക് തിരികെയെത്തിയത്. ഈ വിദ്യാർത്ഥികളുടെ ഭാവി ഇനി എന്താകുമെന്നാണ് നമുക്ക് മുന്നിലെ ചോദ്യം. ഇത്രനാൾ സ്വപ്‌നം കണ്ട വെള്ള കോട്ടണിഞ്ഞ് ആതുരസേവനം നടത്തണമെങ്കിൽ ഇവർക്ക് കടമ്പകൾ ഏറെ കടക്കേണ്ടതുണ്ട്. ഈ പ്രതിസന്ധി വെളിച്ചം വിതറുന്നത് പതിറ്റാണ്ടുകളായി ആതുരസേവന രംഗത്ത് ഇന്ത്യ നേരിടുന്ന പ്രതിസന്ധിയിലേക്കും വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം സ്വന്തമാക്കി മടങ്ങിയെത്തുന്ന ഡോക്ടർമാരോടുള്ള വിവേചനത്തിലേക്കുമാണ്. ( ( what happens to foreign medical students )
വിദേശ പഠനത്തിന് ശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള പരീക്ഷ പാസാകുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ 20-25 % പേർ മാത്രമാണ് വിജയിക്കുന്നത്. ബാക്കിയുള്ള മെഡിക്കൽ വിദ്യാർത്ഥികളുടെ അവസ്ഥയെന്താണ് ? എന്താണ്
ചില കണക്കുകൾ പരിശോധിക്കാം
പ്രതിവർഷം വിദേശ മെഡിക്കൽ ഡിഗ്രിയുമായി ഇന്ത്യയിൽ എത്തുന്നത് 20,000 യുവ ഡോക്ടർമാരാണ്. പക്ഷേ ആതുര സേവന രംഗത്ത് നമുക്ക് ആവശ്യത്തിന് ഡോക്ടർമാരുണ്ടോ ? സെന്റർ ഫോർ ഡിസീസ് ഡൈനാമിക്‌സ് എക്കോണമിക്‌സ് ആന്റ് പോളിസിയുടെ (സിഡിഡിഇപി) യുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 6 ലക്ഷം ഡോക്ടർമാരുടെ കുറവുണ്ട്. 1000 രോഗിക്ക് ഒരു ഡോക്ടർ എന്ന നിലയിലാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന രോഗി-ഡോക്ടർ അനുപാതമെങ്കിൽ ഇന്ത്യയിൽ അത് 1 : 10,189 ആണ്. ഇന്ത്യയിൽ 90,000 മെഡിക്കൽ സീറ്റുകളാണ് ഉള്ളത്. ഇന്ത്യയിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കുന്നവരാണ് നിലവിൽ ഇവിടെ പ്രാക്ടീസ് ചെയ്യുന്നവരിൽ ഭൂരിഭാഗവും. അപ്പോൾ, പ്രതിവർഷം വിദേശരാജ്യങ്ങളിൽ നിന്ന് എംബിബിഎസ് ബിരുദം നേടി വരുന്ന 20,000 യുവഡോക്ടർമാർ എവിടേക്കാണ് അപ്രത്യക്ഷമാകുന്നത് ?
രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയിലെ ആതുരസേവന രംഗം നേരിടുന്ന ഉത്തരം കണ്ടെത്താനാകാത്ത സമസ്യയാണ് ഇത്. വിദേശരാജ്യങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് യുവ ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനോ ഉപരിപഠനം നടത്തുവാനോ സാധിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് ഡിഗ്രി കരസ്ഥമാക്കുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ (എഫ്എംജി) പരീക്ഷ പാസാകണം. പരീക്ഷ അഭിമുഖീകരിക്കുന്നവരിൽ 20 മുതൽ 25% പേർ മാത്രമേ വിജയിക്കുന്നുള്ളു. അതുകൊണ്ട് തന്നെ പഠനത്തിനായി നമ്മുടെ രാജ്യത്ത് നിന്ന് പോകുന്ന മാൻപവർ രാജ്യത്തിനകത്ത് വേണ്ട വിധത്തിൽ ഉപയോഗിക്കാനായി സാധിക്കുന്നില്ല.
‘വിദേശത്ത് നിന്ന് മെഡിസിനിൽ ബിരുദം നേടുന്നവർ തുടർച്ചയായി എഫ്എംജി പരീക്ഷ തോൽക്കുകയാണെങ്കിൽ എന്തിനാണ് നിയന്ത്രണ ബോർഡുകൾ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ എംബിബിഎസ് ബിരുദത്തിനായി കടൽ കടക്കാൻ അനുവദിക്കുന്നത്?’- മുതിർന്ന ആരോഗ്യ വിദഗ്ധൻ ചോദിക്കുന്നു. എന്തുകൊണ്ട് ഈ പ്രശ്‌നത്തിൽ ഇതുവരെ നാഷ്ണൽ മെഡിക്കൽ കമ്മീഷനോ (NMC), മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോ യാതൊരു വിധത്തിലുള്ള നടപടിയും കൈക്കൊള്ളാത്തത് ?
മുഖം തിരിച്ച് എൻഎംസി

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വിദേശത്ത് നിന്ന് എംബിബിഎസ് ബിരുദം എടുക്കാൻ ആഗ്രഹിക്കുന്നവർക്കായി അംഗീകൃത സർവകലാശാലകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ 2020 ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പകരം സ്ഥാപിതമായ എൻഎംസി വിഷയത്തിൽ കൈ കഴുകുകയാണ് ചെയ്തത്. മാത്രമല്ല, എൻഎംസി വിദേശ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ലിസ്റ്റിനെ പിന്തുണയ്ക്കുന്നില്ലെന്നും നിലപാടെടുത്തു. വിദ്യാർത്ഥികൾ സ്വയം സർവകലാശാലകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് എൻഎംസിയുടെ നിലപാട്. എന്നാൽ വിദേശ രാജ്യത്തെ ഒരു സർവകലാശാലയെ കുറിച്ച് ഇന്ത്യയിലെ ഒരു സാധാരണ വിദ്യാർത്ഥിക്ക് എത്രമാത്രം അന്വേഷിക്കാൻ സാധിക്കും ?
നീറ്റ് എന്ന കടമ്പ
ഓരോ വർഷവും നീറ്റ് പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. 2020 ലെ നീറ്റ് പരീക്ഷയിൽ പങ്കെടുത്ത 13.66 ലക്ഷം പേരിൽ 7.71 ലക്ഷം പേർ മാത്രമാണ് ക്വാളിഫൈ ചെയ്തതെങ്കിൽ 2021 ൽ 15.44 ലക്ഷം പേരിൽ 8.70 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് നീറ്റ് കടമ്പ ചാടിക്കടന്നത്.

ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ പാസാകുമ്പോഴും രാജ്യത്ത് എംബിബിഎസിനായി ആകെയുള്ളത് 90,000 സീറ്റുകൾ മാത്രമാണ്. ബാക്കിയുള്ളവരിൽ അധികം പേരും വിദേശ നാടുകളെ എംബിബിഎസ് പഠനത്തിനായി ആശ്രയിക്കുന്നു. പക്ഷേ ഇവർക്ക് ഇന്ത്യയിലെത്തി പ്രാക്ടീസ് ചെയ്യാൻ സാധിക്കാത്തതിനാൽ തൊഴിൽരഹിതരുടെ പട്ടികയിലേക്ക് തഴയപ്പെടുകയാണ് ഈ വിഭാഗം.
എഫ്എംജി പരീക്ഷയോട് വിവേചനം
എഫ്എംജിഇ പരീക്ഷ അതികഠിനമാണ്. 50% മാർക്ക് വാങ്ങിയാൽ മാത്രമേ പരീക്ഷ പാസാകുവാനുള്ള ഗ്രേഡ് ലഭിക്കുകയുള്ളു. ഓരോ വർഷവും രണ്ടുതവണ പരീക്ഷ നടത്താറുണ്ട്. എത്ര തവണ വേണമെങ്കിലും ഉദ്യോഗാർത്ഥിക്ക് പരീക്ഷയിൽ പങ്കെടുക്കാം.
എന്നാൽ ശതമാനക്കണക്കിലുള്ള ഈ വിജയമാനദണ്ഡം യുക്തിയല്ലെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് 2020 ൽ അസോസിയേഷൻ ഓഫ് എംഡി ഫിസിഷ്യൻസ് കത്തെഴുതിയിരുന്നു. രാജ്യത്തെ മറ്റ് മുൻനിര പരീക്ഷകളായ നീറ്റ്-യുജി, നീറ്റ്-പിജി, ഐഐടി-ജെഇഇ, ക്ലാറ്റ്, കാറ്റ് എന്നീ പരീക്ഷകളെല്ലാം പെർസന്റൈൽ കണക്കിലാകുമ്പോൾ എന്തുകൊണ്ടാണ് എഫ്എംജി പരീക്ഷ മാത്രം പർസന്റേജ് കണക്കിലെന്ന് ഇവർ ചോദിക്കുന്നു. പെർസന്റൈൽ കണക്കിലാണ് പരീക്ഷ നടത്തുന്നതെങ്കിൽ 35% സ്‌കോർ കരസ്ഥമാക്കുന്നവർക്കും പരീക്ഷയിൽ വിജയിക്കാം.
പരീക്ഷ നടത്തുന്ന നാഷ്ണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ എഫ്എംജി പരീക്ഷയുടെ ആൻസർ കീ പുറത്ത് വിടുകയോ, റീവാല്വേഷന് അവസരം നൽകുകയോ ചെയ്യുന്നില്ല.
വിവേചനത്തിന് പിന്നിൽ പണം ?
ഓരോ തവണയും എഫ്എംജി പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ 7,200 രൂപ ഫീസ് ഇനത്തിൽ നൽകണം. മറ്റ് പരീക്ഷകൾക്കുള്ള ഫീസ് തുക 2000 രൂപ മുതൽ 4000 രൂപ വരെ മാത്രമാണെന്നിരിക്കെയാണ് ഈ വ്യത്യാസം.

തീർന്നില്ല, എഫ്എംജി പരീക്ഷ പാസാകുന്ന യുവഡോക്ടർ ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനായി സർക്കാരിന് 1.2 ലക്ഷം രൂപ നൽകണം. ഇന്ത്യയിലെ തന്നെ പ്രൈവറഅറ് മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കിയ ഡോക്ടറാണെങ്കിൽ 6000 രൂപ മാത്രം സർക്കാരിന് നൽകിയാൽ മതി ! പരീക്ഷ ജയിച്ചാലും, തോറ്റാലും ലാഭം… ഇത്തരത്തിൽ നല്ലൊരു പണസ്രോതസാണ് എഫ്എംജികൾ !
സർക്കാർ തന്നെ വിദ്യാർത്ഥികളെ വിദേശത്ത് പോയ് എംബിബിഎസ് പഠിക്കാനായി അനുവദിക്കുമ്പോൾ എന്തിനാണ് പഠനം പൂർത്തിയാക്കി മടങ്ങി വരുമ്പോൾ അവരോട് ഇത്ര വിവേചനം കാണിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.
എഫ്എംജി പരീക്ഷ പാസാകാത്ത എംബിബിഎസ് ബിരുദധാരികൾക്ക് എന്ത് സംഭവിക്കുന്നു ?
എഫ്എംജി പരീക്ഷ പാസാകാത്ത എംബിബിഎസ് ബിരുദധാരികൾക്ക് എന്ത് സംഭവിക്കുന്നു എന്നത് കൂടി സർക്കാർ ചിന്തിക്കേണ്ടതുണ്ട്. പരീക്ഷ പാസാകാത്ത കുറഞ്ഞത് 30,000 ഡോക്ടർമാരെങ്കിലും പല സ്വകാര്യ ആശുപത്രികളിലും
‘ക്ലിനിക്കൽ അസിസ്റ്റന്റ്’ ആയും റൂറൽ ആശുപത്രികളിൽ ‘ഒളിച്ച്’ പ്രാക്ടീസ് ചെയ്തുമാണ് ജീവിക്കുന്നത്…..
Story Highlights: what happens to foreign medical students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here