ബംഗാളില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍; ജനജീവിതം സ്തംഭിച്ചു

പശ്ചിമ ബംഗാളിലെ ജാദവ്പൂരില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍. വലിയൊരു സംഘം സിഐടിയു പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിയുമായി റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്നത്. റെയില്‍വേയിലെ വിവിധ യൂണിയനുകളും പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ട്. ഹൗറയിലും സമരക്കാര്‍ ട്രെയിന്‍ തടയുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വേ നയങ്ങള്‍ക്ക് ഉള്‍പ്പെടെ എതിരായാണ് പണിമുടക്കെന്ന് വിശദീകരിച്ചാണ് സമരക്കാര്‍ ട്രെയില്‍ തടയുന്നത്. (citu workers stopped train in bengal)
മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്. കേരളത്തില്‍ പണിമുടക്ക് സമ്പൂര്‍ണമാണ്. കൊച്ചി ബിപിസിഎല്ലില്‍ സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. കൊച്ചിയില്‍ മെട്രോ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്. അതിനിടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ദേശീയ പണിമുടക്ക് നിരോധിച്ചു. പ്രതിരോധ സ്ഥാപനങ്ങളില്‍ പണിമുടക്ക് പാടില്ലെന്ന ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം
സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണ്ണമാണ്.പണിമുടക്കില്‍ നിന്ന് വിട്ടുനിന്നതോടെ പാലക്കാട് കഞ്ചിക്കോട്ടെ കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയാണ്. കഞ്ചിക്കോട് ഇന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ തിരിച്ചയച്ചു. മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന കടയ്ക്ക് മുന്നില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്.
വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ വാഹന മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. മലപ്പുറം മഞ്ചേരിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പണിമുടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഇടുക്കിയില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.
Story Highlights: citu workers stopped train in bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here