Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (28-03-22)

March 28, 2022
Google News 2 minutes Read

സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു

പന്ത്രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സംയുക്ത ട്രേഡ് യൂണിയനുകളുടെ രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കില്‍ കൊച്ചി മെട്രൊ, സര്‍വീസ് നടത്തുമെന്നും ട്രെയിന്‍ ഗതാഗതം തടസപ്പെടില്ലെന്നും അറിയിച്ചിട്ടുണ്ട്. സമരം സിവില്‍ ഏവിയേഷന്‍ വിഭാഗത്തെയും ബാധിക്കില്ല. പെട്രോള്‍ പമ്പ് ജീവനക്കാരുടെ സംഘടനകളും സമരത്തിന്റെ ഭാഗമാകുന്നതോടെ പൊതുയാത്രാ സംവിധാനങ്ങളെല്ലാം തടസപ്പെടാനാണ് സാധ്യത. ( joint trade unions strike )

ഓസ്കർ 2022; വിൽ സ്മിത്ത് മികച്ച നടൻ, പുരസ്‌കാരം കിംഗ് റിച്ചാർഡിലെ അഭിനയത്തിന്

മികച്ച നടനുള്ള ഓസ്കർ പുരസ്‌കാരം വിൽ സ്മിത്തിന്. കിംഗ് റിച്ചാർഡിലെ അഭിനയത്തിനാണ് പുരസ്‍കാരം. ആനന്ദാശ്രു പൊഴിച്ചുകൊണ്ട് വിൽ സ്മിത്ത് എല്ലാവർക്കും നന്ദി പറഞ്ഞു. അഞ്ച് പേരാണ് മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നത്.

ഓസ്കർ 2022; ജസീക്ക ചസ്റ്റെയ്ൻ മികച്ച നടി, പുരസ്‌കാരം ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിന്

മികച്ച നടിക്കുള്ള ഓസ്കർ പുരസ്‍കാരം ജസീക്ക ചസ്റ്റെയ്ൻ സ്വന്തമാക്കി. ദ ഐയ്‌സ് ഓഫ് ടാമി ഫയേയിലെ അഭിനയത്തിനാണ് പുരസ്‍കാരം. വേദിയിൽ സഹനടനായ ആൻഡ്രൂ ഗാർഫീൽഡിന് ജസീക്ക നന്ദി പറഞ്ഞു. 45 കാരിയായ ജസീക്കയുടെ ആദ്യ ഓസ്കർ പുരസ്കാരമാണിത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്നത്.

സില്‍വര്‍ ലൈനില്‍ പച്ചക്കൊടി; സര്‍വേ തുടരാമെന്ന് സുപ്രിംകോടതി

സില്‍വര്‍ ലൈന്‍ സര്‍വേയ്ക്ക് എതിരായ ഹര്‍ജി തള്ളി സുപ്രിംകോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. മോട്ടോര്‍ വാഹന തൊഴിലാളികള്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, റെയില്‍വേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതോടെ സാധാരണ ജീവിതത്തെ സമരം സാരമായി ബാധിക്കുന്നുണ്ട്.(national strike in progress)

സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്, തടയാൻ എന്ത് നടപടി സ്വീകരിച്ചു; വിമർശിച്ച് ഹൈക്കോടതി

ദേശീയ പണിമുടക്കിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

വര്‍ക്കല ശിവപ്രസാദ് വധക്കേസ്; പ്രതികളെ വെറുതെ വിട്ടു

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ആറ് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. ഡിഎച്ച്ആര്‍എം നേതാക്കള്‍ പ്രതികളായ കുപ്രസിദ്ധമായ കേസില്‍ പ്രതികളെ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസ്; ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ചോദ്യം ചെയ്യുന്നത്.

ഹിജാബ് അനിവാര്യമായ മതാചാരം; അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍. ഹിജാബ് അനിവാര്യമായ മത ആചാരം തന്നെയാണ്. കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

‘പണിമുടക്ക് ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചത്’; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ശിവന്‍കുട്ടി

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൊഴില്‍ മന്ത്രി ശ്രീ. വി ശിവന്‍കുട്ടി. ഔദ്യോഗിക വസതിയില്‍ നിന്ന് നടന്ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തിയാണ് മന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here