‘കൊതി തീരെ കടൽ കണ്ട്, മനം നിറഞ്ഞ് നിഷ…’

കൊതി തീരെ കടൽ കണ്ട്, മനം നിറഞ്ഞ് കാപ്പാട് കണ്ണൻകടവ് സ്വദേശിനി നിഷ. ഇന്നലത്തെ സായാഹ്നം നിഷയ്ക്ക് സമ്മാനിച്ചത് ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നു. നിഷയുടെ വീടും കടലും തമ്മിൽ നൂറു മീറ്റർ മാത്രം അകലം മാത്രമാണുള്ളത്. എന്നാൽ ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് ശരീരം മുഴുവൻ തളർന്ന് കിടപ്പിലായ നിഷയ്ക്ക് മനം നിറയെ കടലു കാണാൻ ഇതുവരെ ഭാഗ്യമുണ്ടായിരുന്നില്ല.
പതിമൂന്നു വയസ്സുവരെ വിവിധ ആശുപത്രികളിലെ ജീവിതം. പിന്നീടുള്ള കാലം വീട്ടിൽ തളച്ചിടപ്പെട്ടു. വീട്ടിൽ അമ്മയും മറ്റൊരു ബന്ധുവും മാത്രമാണ് വീട്ടിലുള്ളത്. ഇന്നലെ വൈകീട്ട് ഏയ്ഞ്ചൽ സ്റ്റാർസ് പ്രവർത്തകർ മുൻകൈയ്യെടുത്ത് നിഷയെ കാപ്പാട് ബീച്ചിലെത്തിച്ചു. തിരമാലകളെ തൊട്ടറിഞ്ഞും തീരത്തെ കാഴ്ചകൾ അനുഭവിച്ചും നിഷ സായാഹ്നം ആസ്വദിച്ചു.
വെള്ളത്തിലൂടെ തള്ളിക്കൊണ്ടുപോകുന്ന പ്രത്യേക വണ്ടിയിൽ കയറ്റി സുഹൃത്തുക്കൾ നിഷയ്ക്കായി ഉല്ലാസ യാത്രയും ഒരുക്കി. നാൽപ്പത്തേഴ് വയസ്സിനിടയിൽ തൊട്ടടുത്തുള്ള കടലിനെ കാണാനും അറിയാനും തനിക്ക് ഭാഗ്യമുണ്ടായിരുന്നില്ലെന്ന് നിഷ പറഞ്ഞു. സുഹൃത്തുക്കൾ തന്നെ നയിച്ചത് അതിമനോഹരമായ കാഴ്ചകളിലേക്കായിരുന്നുവെന്നും നിഷ വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏയ്ഞ്ചൽ സ്റ്റാർസിന്റെ വാർഷികമാണ് ജീവിതത്തിൽ നിഷ പങ്കെടുത്ത ഏക പൊതുപരിപാടി. നിഷയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് ഏയ്ഞ്ചൽ സ്റ്റാർസ് പ്രവർത്തകരായ സാബിറ കെ പാറക്കലും പ്രഭാകരൻ എളാട്ടേരിയും പ്രകാശനും ബിനേഷ് ചേമഞ്ചേരി, കോയ, മിനി, പ്രദീപൻ ചേർന്ന് നിഷയെ കാപ്പാടിന്റെ മനോഹര കാഴ്ചകളിലേക്ക് നയിച്ചത്.
ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറ കെ പാറക്കലും അപകടത്തിൽ പരുക്കേറ്റ് ജീവിതം വീൽ ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകൾ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്.
Story Highlights: dream come true moment for nisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here