Advertisement

നമ്മുക്കൊപ്പം തന്നെ അവരും; ഓട്ടിസം ഒരു രോഗമാണോ? അറിയാം ഓട്ടിസത്തെ കുറിച്ച്…

April 2, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് ലോക ഓട്ടിസം ബോധവത്ക്കരണ ദിനം. നമ്മൾ നിരവധി തവണ ഈ അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്താണ് ഓട്ടിസം. ഇതൊരു രോഗമാണോ? എന്തിനാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്. പരിശോധിക്കാം. 2007 മുതലാണ് ഏപ്രിൽ 2 ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്. എന്നാൽ 2012 മുതൽ പ്രത്യേക തീം ഉപയോഗിച്ച് ആചരിക്കാൻ തുടങ്ങി. യഥാർത്ഥത്തിൽ ഓട്ടിസം എന്നത് ഒരു രോഗമല്ല, അത് തലച്ചോർ സംബന്ധമായ വ്യത്യസ്തതയാണ്. സാധാരണ കുട്ടികളെ പോലെ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കാൻ ഇവർക്ക് സാധ്യമല്ല. മറ്റുള്ളവരുമായി കമ്മ്യൂണിക്കേഷൻ നടത്താനും ഇവർക്ക് പ്രയാസമാണ്. എന്നാൽ അവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ് അതിന് വേണ്ട ഇടപെടലുകൾ നടത്തിയാൽ വലിയ മാറ്റം ഓട്ടിസം ബാധിച്ച കുട്ടികളിൽ ഉണ്ടാവും.

ഈ രോഗത്തെ പറ്റി ആദ്യം വിശദീകരിച്ചത് 1943ൽ ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ്. ഇൻഫന്റൈൽ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിന് ആദ്യം പേരിട്ടത്. 1980ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്. സമപ്രായത്തിലുള്ള കുട്ടികളെ പോലെ കളിക്കാനോ പഠിക്കാനോ അവർക്ക് സാധിക്കില്ല. അവരുടേതായ ലോകത്ത് ഇരുന്ന് സ്വന്തമായി കളിക്കുകയും വ്യത്യസ്തങ്ങളായ ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഒരു തരത്തിലുള്ള വൈകാരിക സ്വഭാവ മാറ്റങ്ങളോടും പ്രതികരിക്കാത്ത കുഞ്ഞുങ്ങളുണ്ട്.

മൂന്ന് വയസിന് മുമ്പേ കുട്ടികൾ അസുഖ ലക്ഷണം കാണിച്ചു തുടങ്ങും. ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. പെൺകുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആൺകുട്ടികളിൽ ഓട്ടിസത്തിന്റെ രോഗസാധ്യത. എന്നാൽ പെൺകുട്ടികൾക്ക് അസുഖം പിടിപെട്ടാൽ അത് കൂടുതൽ ഗുരുതരമായി കാണപ്പെടുന്നത്. മിക്ക കുട്ടികളിലും ചെറുപ്പത്തിൽ തന്നെ ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. മറ്റുള്ളവരിൽ 15-18 മാസം വരെ കുഴപ്പമില്ലാതിരിക്കുകയും അതിന് ശേഷം അവരുടെ കഴിവുകൾ കുറയുകയും മാറ്റങ്ങൾ പ്രകടമായി തുടങ്ങുകയും ചെയ്യും.

Read Also:

ഓട്ടിസം ബാധിച്ച കുട്ടികളിൽ സംസാരിക്കുന്നതിലുള്ള വൈകല്യങ്ങൾ ഉണ്ടാകും. ഇത്തരം കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നത് തന്നെ വൈകിയായിരിക്കും. അപൂർവം ചിലർ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓർമശക്തിയും കാണിക്കാറുണ്ട്. ഹൈപ്പർലെക്സിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. തലച്ചോറിനെ ബാധിക്കുന്ന പല ശാരീരിക രോഗങ്ങളിലും ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളിൽ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചികിത്സയ്ക്കുവേണ്ടി നിരവധി തെറാപ്പികൾ ഉണ്ട്. പക്ഷെ അവരെ മാറ്റി നിർത്താതെ നമുക്കൊപ്പം ചേർത്ത് നിർത്തണം. നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയര്‍ തെറാപ്പികള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം സഹായത്തോടെ അവരുടെ പെരുമാറ്റ രീതികളിൽ മാറ്റം വരുത്താൻ സാധിക്കും.

Story Highlights: World Autism Awareness day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement