പാര്‍ട്ടി പിറന്ന മണ്ണില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും; പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കം

പാര്‍ട്ടി പിറവിയെടുത്ത കണ്ണൂരിന്റെ മണ്ണില്‍ സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് നാളെ കണ്ണൂരില്‍ തുടക്കം. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊടിമര, പതാക ജാഥകളും ഇന്ന് സമ്മേളനവേദിയില്‍ എത്തും. പൊതുസമ്മേളനവേദിയായ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും ( CPIM party congress flag off today ).
നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും സമ്മേളന പ്രതിനിധികളും ജില്ലയിലെത്തി.
കോണ്‍ഗ്രസ് ബന്ധം, വികസന നയം തുടങ്ങിയ വിഷയങ്ങളിലെ രാഷ്ട്രീയ ലൈന്‍ സംബന്ധിച്ച ചര്‍ച്ചകളാകും സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് പാര്‍ട്ടി അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗം വൈകിട്ട് കണ്ണൂരില്‍ ചേരും.
Read Also : ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും
അതേസമയം, സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരണമെന്ന നിലപാടിലാണ് നേതൃത്വമെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ചുള്ള ധാരണ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയിലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിശാഖപട്ടണത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ നീണ്ട തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരി എത്തിയത്. എസ്ആര്‍പിയുടെ പേരും ശക്തമായി ഉയര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവസാന ദിനം മാത്രമാണ് യെച്ചൂരി നയിക്കട്ടെ എന്ന ധാരണയുണ്ടായത്. കഴിഞ്ഞ തവണ പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടന്നപ്പോഴും അവസാന ദിനം വരെ നാടകീയ നീക്കങ്ങള്‍ തുടര്‍ന്നു. ചില ഒത്തുതീര്‍പ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ് അവസാനം യെച്ചൂരി തുടരാന്‍ കേരള ഘടകം ഉള്‍പ്പടെ പച്ചക്കൊടി കാട്ടിയത്. ഇത്തവണ കണ്ണൂരില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് തര്‍ക്കം ഉണ്ടാവില്ല. യെച്ചൂരിയുടെ ബാക്കിയുള്ള ഒരു ടേമിനെക്കുറിച്ച് വിവാദം വേണ്ട എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്ന് നേതാക്കള്‍ ഒഴിവാകും. എസ്.രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊള്ള, ബിമന്‍ ബസു എന്നിവരാകും ഒഴിവാകുക. എസ്.ആര്‍.പിക്ക് പകരക്കാരനായി കേരളത്തില്‍ നിന്ന് എ.വിജയരാഘവന്‍ പിബിയില്‍ എത്തും എന്നാണ് സൂചന. 75 വയസെന്ന പ്രായ പരിധി കര്‍ശനമാക്കിയാലും പിബിയില്‍ പിണറായി വിജയന് ഇളവുണ്ടാകും.
പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികളും നേതാക്കളും എത്തിത്തുടങ്ങി. ഗുജറാത്ത് സംഘം തിങ്കള്‍ പുലര്‍ച്ചെ കണ്ണൂരിലെത്തി. ബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ഇന്ന് രാവിലെ എത്തും. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂര്‍ നഗരമാകെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. ഏപ്രില്‍ പത്തിന് ജവഹര്‍ സ്റ്റേഡിയത്തിലാകും സമാപന സമ്മേളനം.
Story Highlights: The CPI (M) will flag off the party congress today; The delegate meeting begins tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here