Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (09-04-22)

April 9, 2022
Google News 2 minutes Read

അടിക്ക് തിരിച്ചടി; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക്

ഓസ്‌കാർ ചടങ്ങിൽ നിന്ന് വിൽ സ്മിത്തിനെ വിലക്കി അക്കാദമി. 10 വർഷത്തേക്കാണ് ഓസ്‌കാർ ഉൾപ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളിൽ നിന്നും വിലക്കിയത്. ഓസ്കാർ വേദിയിൽ അമേരിക്കൻ നടൻ ക്രിസ് റോക്കിനെ തല്ലിയതിന് പിന്നാലെയാണ് നടപടി. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി.

ശ്രദ്ധാകേന്ദ്രമായി കെ.വി.തോമസ്; മുഖ്യാതിഥിയായി സ്റ്റാലിന്‍, ഉറ്റുനോക്കി സിപിഐഎം സെമിനാര്‍

സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കെ.വി.തോമസ് പങ്കെടുക്കുന്ന സെമിനാര്‍ ഇന്ന്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മുഖ്യാതിഥിയെങ്കിലും കെ.വി.തോമസിന്റെ വാക്കുകള്‍ക്കാണ് രാഷ്ട്രീയ കേരളം കാതോര്‍ക്കുന്നത്. കെ.വി.തോമസിന്റെ പ്രതികരണം അടിസ്ഥാനമാക്കിയാവും കോണ്‍ഗ്രസും അച്ചടക്ക നടപടിയിലടക്കം തീരുമാനം എടുക്കുക. ( cpim kv thomas seminar today )

ശക്തമായ മഴതുടരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരാൻ സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ സുപ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; നിർണായക ശബ്‌ദ രേഖ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ശബ്‌ദ രേഖ പുറത്ത്. ഡോകട്ർ ഹൈദരലിയെ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ ഹൈദരലി നേരത്തെ മൊഴി മാറ്റിപറഞ്ഞിരുന്നു. പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഈ ശബ്‌ദ സന്ദേശം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുവരെ നടന്ന തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെന്‍ഡ്രൈവ് കോടതിക്ക് സമര്‍പ്പിച്ചത്.

സില്‍വര്‍ ലൈന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്

സില്‍വര്‍ ലൈനിന് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന് റെയില്‍വേ ബോര്‍ഡ്. കൊടിക്കുന്നില്‍ സുരേഷ് എംപിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചതാണിത്. പദ്ധതിയുടെ സാങ്കേതിക-പ്രായോഗിക വിവരങ്ങള്‍ ഡിപിആറില്‍ ഇല്ലെന്ന് വിനയ ത്രിപാഠി. വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കിയെന്നും ബോര്‍ഡ് ചെയര്‍മാന്‍.

സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ, നടപടികളിൽ ആശങ്ക ഇല്ല; കെ.വി തോമസ്

കോൺഗ്രസിന്റെ നടപടികളിൽ തനിക്ക് ആശങ്ക ഇല്ലെന്ന് കെ വി തോമസ്. നിലവിൽ ഒരു സാധാരണ കോൺഗ്രസ് അംഗമാണ് താൻ, അത് തുടരും. സിപിഐഎം സെമിനാറിൽ പങ്കെടുക്കുന്നത് കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ നിലപാട് വ്യക്തമാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സെമിനാർ എന്നതിലല്ല, ഒരു ദേശീയ പ്രശ്‌നമാമാണ് സെമിനാർ ചർച്ച ചെയ്യുന്നത്. ഇന്ത്യയുടെ തകർച്ച വളരെ വേഗത്തിലാണ് അത് എല്ലാ ഘട്ടങ്ങളിലും താൻ കാണുന്നുണ്ട്. പ്രതിമകൾ നിർമ്മിച്ച് വികസനം മറക്കുന്ന കാഴ്ചപ്പാടുകളില്ലാത്ത ബിജെപിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇമ്രാൻ ഖാൻ ഹാജരായില്ല; പാക് ദേശീയ അസംബ്ലി നിർത്തിവച്ചു

പാക് ദേശീയ അസംബ്ലി നിർത്തിവച്ചു. ഒരു മണിക്ക് വീണ്ടും ചേരും. ഇമ്രാൻ ഖാൻ സഭയിൽ ഹാജരായില്ല. 176 പ്രതിപക്ഷ അംഗങ്ങളാണ് പാക് ദേശീയ അസംബ്ലിയിൽ ഹാജരായത്. സഭയിൽ പ്രതിപക്ഷത്തിനാണ് മേധാവിത്വം. സ്‌പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിനിടെ പ്രതിപക്ഷ നേതാവ് സ്പീക്കറെ ചോദ്യം ചെയ്തു.

പെയിൻ്റിം​ഗ് ജോലിക്കിടെയിൽ ലോട്ടറി വില്‍പ്പനയും; അക്ഷയ ലോട്ടറിയുടെ 70 ലക്ഷം പെയിന്റിം​ഗ് തൊഴിലാളിക്ക്

ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പെയിന്റിം​ഗ് തൊഴിലാളിയായ ശെല്‍വരാജിന്. ഏനാത്ത് കളമല കരിപ്പാല്‍ കിഴക്കേതില്‍ ശെല്‍വരാജനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ്.(pattanamthitta native painter won akshaya lottery)

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകും; സീതാറാം യെച്ചൂരി

ബിജെപിക്ക് ബദലായി രൂപപ്പെടുന്ന കൂട്ടായ്മയിൽ കോൺഗ്രസും ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തമിഴ്നാട് മോഡൽ സഹകരണം ദേശീയ തലത്തിൽ ഉണ്ടാകും. ബിജെപിക്കെതിരായ ചേരി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

തെളിവ് നശിപ്പിച്ചെന്ന് അതിജീവിതയുടെ പരാതി; ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടിസ് അയച്ച് ബാർ കൗൺസിൽ. അഡ്വ.ബി രാമൻപിള്ള, അഡ്വ.സുജേഷ് മേനോൻ, അഡ്വ.ഫിലിപ്പ് എന്നിവർക്കാണ് നോട്ടിസ്. കേസിൽ തെളിവ് നശിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. 14 ദിവസത്തിനകം നോട്ടിസിന് മറുപടി നൽകണമെന്നാണ് നിർദേശം.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here