നിമിഷ പ്രിയയുടെ മോചനത്തിൽ നയതന്ത്ര ഇടപെടലിന് കേന്ദ്രം നിർദ്ദേശം നൽകണമെന്ന ഹർജി ഇന്ന് പരിഗണിക്കും

യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിൽ നയതന്ത്ര ഇടപെടലിന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ചാണ് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് നിർദേശം നൽകണം. ബ്ലഡ് മണി യെമൻ നിയമസംവിധാനത്തിലെ സാധ്യതയാണെന്നും, ഇടപെടുന്നതിൽ കേന്ദ്രസർക്കാരിന് മുന്നിൽ തടസമില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അഡ്വ. കെ. ആർ. സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.
യമൻ സുപ്രിംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷ പ്രിയയുടെ ബന്ധുക്കൾക്ക് സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. ബന്ധുക്കൾക്ക് അടക്കം യെമനിലേക്ക് യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നും വ്യക്തമാക്കിയിരുന്നു. യെമൻ പൗരൻ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീൽ കോടതി ശരിവച്ചിരുന്നു.
Story Highlights: nimisha priya supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here