Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ ( 17-04-2022)

April 17, 2022
1 minute Read
news round up april 17
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ്.കെ. ശ്രീനിവാസന്റെ വിലാപയാത്രയിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ; സംസ്കാരം കറുകോടി ശ്മശാനത്തിൽ ( news round up april 17 )

കൊല്ലപ്പെട്ട ആർ.എസ്.എസ് നേതാവ് എസ്.കെ. ശ്രീനിവാസന്റെ വിലാപയാത്രയിൽ പങ്കെടുക്കുന്നത് ആയിരങ്ങൾ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം പാലക്കാട് കണ്ണകി ന​ഗറിലേക്കാണ് കൊണ്ടുപോകുന്നത്. കണ്ണകിയമ്മൻ ഹൈസ്കൂളിലാണ് മൃതദേഹം പൊതുദർശനത്തിന് വെയ്ക്കുന്നത്. സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കറുകോടി ശ്മശാനത്തിൽ നടക്കും.

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സർവകക്ഷി യോ​ഗത്തിൽ പങ്കെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

വധഗൂഡാലോചന; അനൂപിനും സുരാജിനും ക്രൈംബ്രാഞ്ച് നോട്ടിസ്; സായ് ശങ്കറിന്റെ മൊഴി നാളെ രേഖപ്പെടുത്തും

വധഗൂഡാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. ഇരുവരും ചോദ്യം ചെയ്യലിനെത്തുമെന്നാണ് വിവരം. സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴിയും അന്വേഷണസംഘം നാളെ രേഖപ്പെടുത്തും.

ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി വൈകുന്നു

വീടില്ലാത്ത പതിനായിരങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി വൈകുന്നു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയും ഇതോടൊപ്പം വൈകും. അപേക്ഷകളുടെ പരിശോധന നടത്തുന്നതിന് മറ്റു വകുപ്പുകളിൽ നിന്ന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതാണ് പട്ടിക വൈകാൻ കാരണം. ഇതേ തുടർന്ന് മറ്റു വകുപ്പുകൾ കർമ്മ പദ്ധതിയുമായി സഹകരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരെ നിശ്ചയിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.

ശ്രീനിവാസന്റെ കൊലപാതകം സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; എഫ്ഐആർ പകർപ്പ് 24 ന്

പാലക്കാട് ആർഎസ്എസ് നേതാവ് എസ്കെ ശ്രീനിവാസനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഇവർ കടയിൽ എത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. എഫ്ഐആർ പകർപ്പ് 24നു ലഭിച്ചു.

അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടിക്ക് നിർദേശം നൽകി : മന്ത്രി കെ.കൃഷ്ണൻകുട്ടി

അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി കെ.കൃഷ്ണൻ കുട്ടി. അക്രമികൾക്കെതിരെ പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കും. ആവശ്യം വന്നാൽ അടിച്ചമർത്തൽ തന്നെ സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ആർഎസ്എസും എസ്ഡിപിഐയും സ്വയം നിയന്ത്രിക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

അച്ചടക്ക സമിതി നോട്ടിസില്‍ ഇന്ന് വിശദീകരണം നല്‍കും; രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ വി തോമസ്

ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് ലഭിച്ച നോട്ടിസില്‍ ഇന്ന് രാത്രി അച്ചടക്ക സമിതി നോട്ടിസില്‍ വിശദീകരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. കയറ്റിവിടാത്ത ഇടത്തേക്ക് എങ്ങനെ കയറിചെല്ലാനാകുമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

എസ്.കെ ശ്രീനിവാസന്റെ കൊലപാതകം : ബൈക്കിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞു. ഒരു സ്ത്രീയാണ് ബൈക്കിന്റെ ഉടമ.

കെഎസ്ആര്‍ടിസി പ്രതിസന്ധി; കഴിഞ്ഞ മാസത്തെ ശമ്പളം നാളെയോടെ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്‌

കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം നാളയോടെ വിതരണം ചെയ്യാനാകുമെന്ന് മാനേജ്‌മെമെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കോര്‍പ്പറേഷന്റെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് നീക്കം. 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റാണെടുക്കുക.

ഇന്ന് പ്രത്യാശയുടെ ഈസ്റ്റർ

യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കി ഒരു ഈസ്റ്റർ കൂടി. ദേവാലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരു കർമ്മ ചടങ്ങുകളും നടന്നു. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

Story Highlights: news round up april 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement