മാനസികാരോഗ്യ കേന്ദ്രങ്ങളെ ശാസ്ത്രീയമായി നവീകരിക്കും; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അവലോകന യോഗം ചേര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ കാലോചിതമായ പരിഷ്‌ക്കാരം സാധ്യമാക്കും. സ്ഥാപനങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള നടപടികള്‍ വേഗത്തിലാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളെ ശാസ്ത്രീയമായി നവീകരിക്കുകയും പരിഷ്‌ക്കരിക്കുന്നതിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയച്ചു.
മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 3 മാനസികാരോഗ്യ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കോഴിക്കോട് 400 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയുടേയും തൃശൂരില്‍ രണ്ട് ഘട്ടങ്ങളിലായി ആകെ 98 കോടി രൂപയുടേയും തിരുവനന്തപുരത്ത് 100 കോടി രൂപയുടേയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നടപടികളാണ് സ്വീകരിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനുള്ള തുടര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
രോഗം ഭേദമായ ശേഷവും ബന്ധുക്കള്‍ ഏറ്റെടുക്കാതെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ പുനരധിവാസം മറ്റ് വകുപ്പുകളുടെ സഹകരണത്തോടുകൂടി ഉറപ്പാക്കും. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ചുറ്റുമതില്‍ ബലപ്പെടുത്തുന്നതിനും സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. എല്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തും. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നിര്‍ത്തലാക്കിയ കുക്ക് ഉള്‍പ്പെടെയുള്ള തസ്തികകള്‍ പുനസ്ഥാപിക്കുന്നതാണ്.
Read Also : എന്‍റെ കേരളം പ്രദർശന വിപണന മേള ഇന്ന് മുതല്‍ കോഴിക്കോട് ബീച്ചിൽ
വി.കെ. പ്രശാന്ത് എംഎല്‍എ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജോ. സെക്രട്ടറി, തൃശൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
Story Highlights: Mental health centers will be scientifically upgraded – Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here