Advertisement

തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം; സിപിഐഎമ്മിൻ്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച്

April 21, 2022
Google News 3 minutes Read

തൃക്കാക്കരയിലെ എൽഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള സിപിഐഎമ്മിൻ്റെ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച്ച ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് കൊണ്ട് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതൃത്വത്തിൻ്റെ ഇടപെടലിൽ ജില്ലയിലെ നേതാക്കൾക്ക് അതൃപ്തിയുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി എൻ ഡി എ യോഗം നാളെ കൊച്ചിയിൽ ചേരും.

മെയ് മാസം തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന വിലയിരുത്തലിൽ ഒരുക്കങ്ങൾ തകൃതിയാക്കുകയാണ് മുന്നണികൾ. സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും എൽ ഡി എഫും, യു ഡി എഫും ,എൻ ഡി എയും തെരഞ്ഞെടുപ്പ് ചുമതലകൾ വീതിച്ച് നൽകിയുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് കൊണ്ട് 27 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ എൽഡി എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ ധാരണയാകും.  സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്, കൊച്ചി മേയർ എം.അനിൽകുമാർ, ഡിവൈഎഫ്ഐ നേതാവ് കെ.എസ്.അരുൺകുമാർ, കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ.ജെ.ജേക്കബ്, ഭാരത മാതാ കോളജ് മുൻ അധ്യാപിക കൊച്ചുറാണി ജോസഫ് തുടങ്ങിയ പേരുകൾ സാധ്യത പട്ടികയിലുണ്ട്. 

തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ കല്ലുകടി തുടരുന്നു. തങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ, പി ടി തോമസിൻ്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള നേതൃത്വത്തിൻ്റെ നീക്കത്തിൽ അതൃപ്തരാണ് എറണാകുളം ജില്ലയിലെ നേതാക്കൾ. ജില്ലയിലെ നേതാക്കളെ വിശ്വാസത്തിലെടുക്കാതെ രണ്ട് പേർ ചേർന്ന് സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ പ്രവർത്തിക്കാനും ജയിപ്പിക്കാനും അവർ മാത്രമേയുണ്ടാകുവെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കളും അതൃപ്തരാണ്. ദീപ്തി മേരി വർഗീസ്, ഡൊമനിക് പ്രസൻ്റേഷൻ, ടോണി ചെമ്മണി, അബ്ദുൾ മുത്തലിബ്, ജയ്സൻ ജോസഫ്, മുഹമ്മദ് ഷിയാസ് തുടങ്ങിയ നേതാക്കൾക്കായും ചരട് വലി ശക്തമാണ്. 

Read Also : തൃക്കാക്കരയില്‍ മത്സരിക്കാന്‍ ബിജെപി; ഭിന്നതകള്‍ക്കിടയില്‍ വെള്ളിയാഴ്ച എന്‍ഡിഎ യോഗം

എ.എൻ.രാധാകൃഷ്ണൻ, സി.വി. സജിനി, സ്മിത മേനോൻ, ഒ എം ശാലീന, ടി.പി.സിന്ധു മോൾ തുടങ്ങിയവരാണ് ബിജെപി സാധ്യത പട്ടികയിൽ. നാളെ എൻ ഡി എ ജില്ലാ യോഗം കൊച്ചിയിലും മണ്ഡലം യോഗം തൃക്കാക്കരയിലും ചേരും. യോഗത്തിൽ തൃക്കാക്കരയിൽ ബിജെപി തന്നെ മത്സരിക്കേണ്ടതിലെ രാഷ്ട്രീയ മാനം ഘടകകക്ഷികളെ ബോധ്യപ്പെടുത്തും.

Story Highlights: Candidate selection in Thrikkakara; district secretariat meeting of the CPI (M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here