പരിചയപ്പെടാം ലോകത്തെ ഏഴ് അത്യാഡംബര ഹോട്ടലുകള്‍

ആഡംബര ഹോട്ടലുകള്‍ എന്നും എക്കാലത്തും നമ്മുടെയെല്ലാം ഇഷ്ടങ്ങളുടെ പട്ടികയിലുണ്ട്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ആഡംബര ഹോട്ടലുകളിലെ താമസം ആഗ്രഹിക്കാത്തവരും കുറവായിരിക്കും. നമ്മുടെ ചുറ്റുപാടിനപ്പുറം ലോകത്ത് നാനാ ഭാഗങ്ങളില്‍ ഇത്തരം ഹോട്ടലുകളും റിസോര്‍ട്ടുകളും മനംമയക്കുന്ന മനോഹരമായ കാഴ്ചകളൊരുക്കി ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. അത്തരത്തില്‍ ലോകത്ത് അതിമനോഹരമായ ഏഴ് ആഡംബര റിസോര്‍ട്ടുകള്‍ പരിചയപ്പെടാം.(world’s best 7 hotels for a splurge)
- ദി ബ്രാന്‍ഡോ
ഫ്രഞ്ച് പോളിനേഷ്യയിലാണ് ദി ബ്രാന്‍ഡോ. താഹിതിയില്‍ നിന്ന് 30 മൈല്‍ വടക്ക് ടെറ്റിയാറോവയിലുള്ള മര്‍ലോണ്‍ ബ്രാന്‍ഡോയുടെ അത്യാഡംബര സ്വകാര്യ ദ്വീപ് റിസോര്‍ട്ടാണ് ദി ബ്രാന്‍ഡോ. ആഡംബര ഹോട്ടലുകളിലെ ജീവിതം ഇഷ്ടമുള്ളവരും അതിന് പണം മുടക്കാന്‍ തയ്യാറുള്ളവരുമാണെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കാവുന്ന ഇടമാണിത്. ലിയനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ്‌ലി കൂപ്പര്‍, എലന്‍ ഡിജെനെറസ് തുടങ്ങിയ പ്രമുഖരുടെ പ്രിയപ്പെട്ടതാണ് ഈ റിസോര്‍ട്ട്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും 2017ല്‍ അധികാരമൊഴിഞ്ഞതിന് ശേഷം ദ്വീപിലെത്തിയിരുന്നു. 2020 ഒക്ടോബറില്‍ കിം കര്‍ദാഷിയാന്‍ തന്റെ 40ാം ജന്മദിനം ആഘോഷിച്ചത് ദി ബ്രാന്‍ഡോ റിസോര്‍ട്ടില്‍ വച്ചാണ്.

ഓലമേഞ്ഞതെന്ന തോന്നിപ്പിക്കുന്ന മാതൃകയിലുള്ള 35 വില്ലകള്‍ ഈ റിസോര്‍ട്ടിലുണ്ട്. ഓരോന്നിനും ഒരു പൂള്‍, ഔട്ട്‌ഡോര്‍ ഡൈനിംഗ് ഏരിയ എന്നിവയുണ്ട്. ലണ്ടനിലോ ന്യൂയോര്‍ക്കിലോ ഉള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനും ഏറെ അപ്പുറമാണ് ദി ബ്രാന്‍ഡോയിലെ സൗകര്യങ്ങള്‍. വെളുത്ത പൊടി മണലാണ് റിസോര്‍ട്ട് പരിസരത്തെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. ഒരു രാത്രി നിങ്ങള്‍ക്കിവിടെ താമസിക്കണമെങ്കില്‍ 3,200 യുഎസ് ഡോളറാണ് ചിലവ്.
- മറ്റകൗരി, ന്യൂസിലാന്‍ഡ്
കാഴ്ചകള്‍ മാത്രമാണ് ഇവിടെ ആഡംബരം. ശാന്തമായ തടാകത്തിന് പിന്നില്‍ ഉയര്‍ന്നുനില്‍ക്കുന്ന പര്‍വതങ്ങളാണ് ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിലുള്ള മറ്റകൗരിയെ മനോഹരിയാക്കുന്നത്. വാള്‍ട്ടര്‍ കൊടുമുടികളിലേക്കും ദി റെമാര്‍ക്കബിള്‍സ് പര്‍വത നിരയിലേക്കുമാണ് ഇതിന്റെ ദിശ. ഡബിള്‍ ഒക്യുപന്‍സി ലോഡ്ജ് മുറികള്‍ക്ക് ഒരു രാത്രി ഭക്ഷണമുള്‍പ്പെടെ 1130 യുഎസ് ഡോളറാണ് നിരക്ക്.

- സെന്‍സെയ് ലനായി റിസോര്‍ട്ട്
ആഡംബരത്തിന്റെ മൂര്‍ത്തീഭാവമെന്നാണ് സെന്‍സെയ് ലനായി റിസോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്. ഹവായിയന്‍ ദ്വീപായ ലനായിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വളരെ ശാന്തവും ഏകാന്തവുമായ പരിസര പ്രദേശമാണ് ഈ റിസോര്‍ട്ടിന്റെ പ്രത്യേകത. ലാനൈയുടെ കാടു നിറഞ്ഞ, മൂടല്‍മഞ്ഞ് മൂടിയ പര്‍വതങ്ങള്‍ക്കിടയില്‍ മനോഹരിയായാണ് സെന്‍സെയ് ലനായിയുടെ നില്‍പ്പ് തന്നെ. ഒരു രാത്രിക്ക് 600 യുഎസ് ഡോളര്‍ മുതല്‍ 1760 യുഎസ് ഡോളര്‍ വരെ വ്യത്യസ്ത നിരക്കാണ് ഇവിടെ.

- ഷാറ്റിയൂ ഡ്യു ഗ്രാന്‍ഡ് ലൂസ്, ഫ്രാന്‍സ്
ഫ്രാന്‍സിലെ ബ്യൂക്കോളിക് ലോയര്‍ താഴ്‌വരയിലാണ് ഷാറ്റിയൂ ഡ്യു ഗ്രാന്‍ഡ് ലൂസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പാരീസില്‍ നിന്ന് ട്രെയിനില്‍ 55 മിനിറ്റ് മാത്രമാണ് യാത്ര. കൈകൊണ്ട് വരച്ച ചുവര്‍ചിത്രങ്ങള്‍,പുരാതന ഫര്‍ണിച്ചറുകള്‍ എന്നിവയടക്കം ഹോട്ടലിനെ വ്യത്യസ്തനാക്കുന്നുണ്ട്. ഒപ്പം അതിമനോഹരമായ പൂന്തോട്ടങ്ങളും.

സില്‍വര്‍സാന്‍ഡ്‌സ് ഗ്രെനഡ
കരീബിയനിലെ ഏറ്റവും നീളം കൂടിയ കുളമാണ് സില്‍വര്‍സാന്‍ഡ്‌സ് ഗ്രെനഡയ്ക്കുള്ളത്. ഗ്രെനഡയിലെ സ്‌പൈസ് ഐലന്‍ഡിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.ഗ്രാന്‍ഡ് ആന്‍സ് ബീച്ചില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടില്‍ 43 മുറികളും കുന്നിന്‍പുറങ്ങളോട് ചേര്‍ന്നുള്ള വില്ലകളുമുണ്ട്. ഇവിടെയും വെളുത്ത പൊടിമണല്‍ പ്രധാന ആകര്‍ഷണമാണ്. യുഎസ് ഡോളര്‍ 900 മുതലാണ് നിരക്ക്.

- ക്രൗണ്‍ സിഡ്‌നി, ഓസ്‌ട്രേലിയ
നാല് വര്‍ഷത്തെ നിര്‍മ്മാണത്തിന് ശേഷം 2020 അവസാനത്തോടെയാണ് ക്രൗണ്‍ സിഡ്‌നി തുറന്നത്. ആറ് നക്ഷത്ര ഹോട്ടലുകളടങ്ങിയ റിസോര്‍ട്ടാണിത്. തിളങ്ങുന്ന, ദളങ്ങളുടെ ആകൃതിയിലുള്ള അംബരചുംബിയായ കെട്ടിടത്തില്‍ 14 റെസ്റ്റോറന്റുകളും ബാറുകളും സിഡ്‌നി ഹാര്‍ബറിനു അഭിമുഖമായി ഒരു പൂള്‍, 349 മുറികള്‍ എന്നിവയുമുണ്ട്. സീലിംഗ് വിന്‍ഡോകള്‍ നഗരത്തിന് മുകളില്‍ ദൃശ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

- ഗ്രാന്‍ഡ് ഹോട്ടല്‍ ട്രെമെസോ, ഇറ്റലി
കൊവിഡ് മഹാമാരിക്ക് ശേഷം നിങ്ങള്‍ യൂറോപ്പ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കണ്ടിരിക്കേണ്ടതാണ് ഗ്രാന്‍ഡ് ഹോട്ടല്‍ ട്രെമെസോയ. 90 മുറികളാണ് ഹോട്ടലിനുള്ളത്. വിശാലമായ ബാല്‍ക്കണികള്‍ ഇവിടുത്തെ സവിശേഷതകളിലൊന്നാണ്. വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതുള്‍പ്പെടെ മൂന്ന് നീന്തല്‍ക്കുളങ്ങളും ഗ്രാന്‍ഡ് ഹോട്ടല്‍ ട്രെമെസോയിലുണ്ട്. രണ്ടുപേര്‍ക്കുള്ള പ്രഭാതഭക്ഷണം ഉള്‍പ്പെടെ ഗാര്‍ഡന്‍ വ്യൂ റൂമുകള്‍ക്ക് ഏകദേശം യുഎസ് ഡോളര്‍ 760 മുതലാണ് നിരക്കുകള്‍.

Story Highlights: world’s best 7 hotels for a splurge

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here