തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകില്ല

തൃക്കാക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജ് ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ താക്കോല്‍ സ്വരാജിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്തുകൊണ്ട്, ഇന്നലെ രൂപീകരിച്ച മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എം. സ്വരാജിനെ ചുമതലപ്പെടുത്തി.സിപിഐഎം തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറിയായി എം.സ്വരാജ് പ്രവര്‍ത്തിക്കും.
തൃക്കാക്കര പിടിക്കാന്‍ സിപിഐഎം ആലോചിച്ചവരില്‍ പ്രഥമ സ്ഥാനീയനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്. മത്സര രംഗത്തേക്കില്ലെന്ന് സ്വരാജ് പാര്‍ട്ടിയെ അറിയിച്ചെങ്കിലും പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നലെ മണ്ഡലം കമ്മിറ്റി രൂപീകരിച്ചതോടെ സ്വരാജ് മത്സരിക്കില്ലെന്ന് ഉറപ്പായി.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അമരത്തിരുന്ന് നയിക്കാന്‍ സ്വരാജിനെ സിപിഐഎം ചുമതപ്പെടുത്തിയതോടെ കഴിഞ്ഞ തവണയുണ്ടായത് പോലുള്ള വീഴ്ച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കടിഞ്ഞാണാകും അത്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. മന്ത്രി പി.രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള ഉള്‍പ്പടെയുള്ള ജില്ലയിലെ നേതാക്കളുംമണ്ഡലത്തിലെ ബൂത്ത്, ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍ ഏരിയാ കമ്മിറ്റി അംഗങ്ങളും, മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ജില്ലയിലെ നേതാക്കളുമായി കോടിയേരി ബാലകൃഷ്ണന്‍ ആശയവിനിമയം നടത്തി.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ധൃതി വേണ്ടെന്ന നിലപാടിലാണ് നിലവില്‍ സിപിഐഎം.കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഡിവൈഎഫ്‌ഐ നേതാവ് കെ.എസ്.അരുണ്‍കുമാര്‍, എന്നീ പേരുകള്‍ക്കാണ് സിപിഐഎമ്മില്‍ ഇപ്പോള്‍ മുന്‍ഗണന. സാമുദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.
Story Highlights: thrikkakara by election M Swaraj will not be cpim candidate

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here