ഏത് കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാലും ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

കുറ്റകൃത്യത്തിനായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ വാഹനീയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗതാഗതമന്ത്രി.
നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമാണ് പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുന്നത്. എന്നാല്‍ വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മറ്റ് കുറ്റങ്ങള്‍ ചെയ്തെന്ന് കണ്ടെത്തിയാലും വാഹനത്തിന്റെ പെര്‍മിറ്റും കുറ്റം ചെയ്ത വ്യക്തിയുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
മോട്ടോര്‍ വാഹനനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്ന് മാസക്കാലയളവില്‍ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന് പകരം എലഗെന്റ് കാര്‍ഡുകള്‍ മെയ് മാസം മുതല്‍ വിതരണം ചെയ്ത് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: license and permit will be revoked for any crime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here