‘ഷാഹിദ് അഫ്രീദി നുണയൻ, എന്നെ ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹിച്ചില്ല’; ഡാനിഷ് കനേരിയ

പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദിക്കെതിരെ സഹതാരം ഡാനിഷ് കനേരിയ. അഫ്രീദി നുണയനാണെന്ന് കനേരിയ കുറ്റപ്പെടുത്തി. താൻ ഹിന്ദു ആയതിനാൽ അഫ്രീദി തന്നെ പലപ്പോഴും അപമാനിച്ചിരുന്നു. തന്നെ ടീമിൽ ഉൾപ്പെടുത്താൻ അഫ്രീദി ആഗ്രഹിച്ചിരുന്നില്ലെന്നും കനേരിയ പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
“ഞാൻ നേരിട്ട പ്രശ്നങ്ങളെപ്പറ്റി ആദ്യമായി വെളിപ്പെടുത്തിയത് ഷൊഐബ് അക്തർ ആയിരുന്നു. അത് തുറന്നുപറഞ്ഞതിന് അദ്ദേഹത്തിനു നന്ദി. പക്ഷേ, പിന്നീട് അദ്ദേഹത്തിന് അധികൃതരിൽ നിന്ന് സമ്മർദ്ദമുണ്ടായി. അതുകൊണ്ട് അദ്ദേഹം അതെപ്പറ്റി സംസാരിക്കുന്നത് അവസാനിപ്പിച്ചു. പക്ഷേ, അക്കാര്യങ്ങൾ എനിക്ക് സംഭവിച്ചിട്ടുണ്ട്. എന്നെ അഫ്രീദി പലപ്പോഴും അപമാനിച്ചു. ഞങ്ങൾ പലപ്പോഴും ഒരുമിച്ചുകളിച്ചതാണ്. എന്നെ ബെഞ്ചിലിരുത്തി ഏകദിന ടൂർണമെൻ്റ് കളിക്കാൻ അദ്ദേഹം അനുവദിച്ചില്ല. എന്നെ ടീമിൽ ഉൾപ്പെടുത്താൻ അദ്ദേഹം ആഗ്രഹിച്ചില്ല. അദ്ദേഹം ഒരു നുണയനാണ്. വ്യക്തിത്വമില്ലാത്ത ആളാണ്. പക്ഷേ, എൻ്റെ ശ്രദ്ധ മുഴുവൻ ക്രിക്കറ്റിലായിരുന്നു. അതുകൊണ്ട് ഇതൊക്കെ ഞാൻ അവഗണിച്ചു. എനിക്കെതിരെ മറ്റ് താരങ്ങളെ പ്രകോപിപ്പിച്ച ഒരേയൊരാൾ അഫ്രീദി ആയിരുന്നു. ഞാൻ നല്ല പ്രകടനം നടത്തുന്നതുകൊണ്ട് അഫ്രീദിക്ക് എന്നോട് അസൂയ ആയിരുന്നു. പാകിസ്താനു വേണ്ടി കളിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.”- കനേരിയ പറഞ്ഞു.
Story Highlights: shahid afridi danish kaneria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here