‘വിദ്വേഷ പ്രസംഗം നടത്തുന്നവരെ ഒറ്റപ്പെടുത്തണം; തിന്മയെ നന്മ കൊണ്ട് നേരിടണം’; പെരുന്നാൾ സന്ദേശത്തിൽ പാളയം ഇമാം

വർഗീയവാദികളെ ഒറ്റപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പാളയം ഇമാം വിപി സുഹൈൽ മൗലവി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. പി.സി ജോർജിന്റെ വിദ്വേഷ പരാമർശത്തെ പേരെടുത്ത് പറയാതെ ആയിരുന്നു പാളയം ഇമാമിന്റെ വിമർശനം. ( palayam imam eid message against pc george )
‘വർഗീയതയും വിദ്വേഷവും പ്രസംഗിക്കുന്നവരെ, അവരാരായാലും, ഏത് മതത്തിൽപ്പെട്ടവരായാലും, ഏത് രാഷ്ട്രീയ കക്ഷിയാണെങ്കിലും, എല്ലാ മതക്കാരും എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നുകൊണ്ട് ഒറ്റപ്പെടുത്താൻ മുന്നോട്ട് വരണം. മുസ്ലീങ്ങൾ ചായയിൽ മരുന്ന് കലക്കി മറ്റുള്ളവരെ വന്ധീകരിക്കാൻ നോക്കുന്നു എന്ന അങ്ങേയറ്റം അപകടരം നിറഞ്ഞ പ്രയോഗങ്ങളാണ് ഉപയോഗിച്ചത്’- പാളയം ഇമാം പറഞ്ഞു.
വിദ്വേഷം കത്തിക്കാനായിരുന്നു ശ്രമമെന്നും മുസ്ലിമിന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പറയുന്നു എന്നിവയെല്ലാം കള്ളപ്രചാരണമാണെന്നും തിന്മയെ നന്മ കൊണ്ട് നേരിടണമെന്നും പാളയം ഇമാം പറഞ്ഞു. ഹിന്ദു ഹിന്ദുവിന്റെ കടയിൽ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും, മുസ്ലിം മുസ്ലിമിന്റെ കടയിൽ നിന്ന് സാധനം വാങ്ങണമെന്ന് പറയുന്നതും കേട്ടുകേൾവിയില്ലാത്ത സംഭവമാണെന്നും പാളയം ഇമാം പറഞ്ഞു.
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഈദ്ഗാഹിന് പാളയം ഇമാം വി.പി.സുഹൈൽ മൗലവി ഈദ്ഗാഹിന് നേതൃത്വം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ ഇവിടെ പ്രാർത്ഥനയ്ക്കായെത്തി.
Story Highlights: palayam imam eid message against pc george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here