തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ആം ആദ്മിക്കൊപ്പം മത്സരിക്കുമെന്ന് ട്വന്റി-20

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി സാബു ജേക്കബ്. തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിക്കൊപ്പം മത്സരിക്കുമെന്ന് ട്വന്റി-20 വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ തർക്കങ്ങളില്ലെന്നും, രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
സംസ്ഥാനത്ത് ട്വന്റി-ട്വന്റിയെ അടിച്ചമർത്താനാണ് ശ്രമം നടക്കുന്നതെന്നും ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം ഇതിന്റെ ഭാഗമായാണെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്റി-20 തൃക്കാക്കരയിൽ നിലം തൊടണമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും സാബു ജേക്കബ് പറഞ്ഞു.
അതേസമയം, തൃക്കാക്കരയിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്ന് വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കും. തൃക്കാക്കരയിൽ ചില സോഷ്യൽ ഇക്വേഷൻസുണ്ട്. അതുകൂടി പരിഗണിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. ട്വന്റിട്വന്റി ഇത്തവണ തൃക്കാക്കരയിൽ നിലംതൊടില്ലെന്നും ഡൊമിനിക് പ്രസന്റേഷൻ ട്വന്റിഫോറിനോട് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജയം യുഡിഎഫിനൊപ്പമായിരിക്കുമെന്ന് ഉമാ തോമസ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി ആരാണെങ്കിലും പി ടി തോമസിന്റെ പിൻഗാമിയായിരിക്കും. സ്ഥാനാർത്ഥി ആരാണെങ്കിലും ജയം യുഡിഎഫിനൊപ്പമായിരിക്കും. സ്ഥാനാർത്ഥിയായി തന്നെ പരിഗണിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
തൃക്കാക്കരയിൽ യുഡിഎഫിനും എൽഡിഎഫിനും ജയം ഒരു പോലെ അനിവാര്യമാണ്. തൃക്കാക്കര പിടിച്ചാൽ ഒരുവർഷം പൂർത്തിയാക്കിയ രണ്ടാം പിണറായി സർക്കാരിനുള്ള ജനകീയ അംഗീകാരമായി എൽഡിഎഫിന് അത് ഉയർത്തിക്കാട്ടാം. യുഡിഎഫിന് ഉറച്ച കോട്ട കാക്കുക എന്നതിനപ്പുറം പുതു നേതൃത്വത്തിന്റെയും സിൽവർലൈൻ അടക്കമുള്ള സമരങ്ങളുടെയും ഭാവി നിർണ്ണയിക്കുന്നത് കൂടിയാകും തൃക്കാക്കരയിലെ മത്സരം.
Story Highlights: twenty 20 contest with aap says sabu jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here