Advertisement

പേരറിവാളന്റെ മോചനം: ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ

May 4, 2022
Google News 2 minutes Read
perarivalan case tn govt against governor

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ മോചനവിഷയത്തിൽ ഗവർണർക്കെതിരെ തമിഴ്‌നാട് സർക്കാർ സുപ്രിംകോടതിയിൽ. പേരറിവാളനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനത്തിന് ഗവർണർ തടസം നിന്നുവെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. ( perarivalan case tn govt against governor )

മന്ത്രിസഭാ ശുപാർശ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണ്. രാഷ്ട്രപതിക്കോ, ഗവർണർക്കോ മന്ത്രിസഭാ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ സുപ്രിംകോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. മന്ത്രിസഭയുടെ ശുപാർശയിൽ തമിഴ്‌നാട് ഗവർണർ മൂന്നര വർഷത്തിലധികം തീരുമാനമെടുക്കാതെ വച്ചതിൽ കോടതി രോഷം പ്രകടിപ്പിച്ചു. മോചനക്കാര്യത്തിൽ ഗവർണർക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്നും, രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. പേരറിവാളന്റെയും, അമ്മ അർപുതം അമ്മാളിന്റെയും ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട് സർക്കാർ നിലപാട് അറിയിച്ചത്.

ഗവർണർ പേരറിവാളനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ നടപ്പാക്കൽ തടസപ്പെടുത്തിയെന്ന് മാത്രമല്ല, മോചനത്തിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഗവർണർക്ക് അത്തരത്തിൽ അധികാരമില്ല. മന്ത്രിസഭാ തീരുമാനങ്ങളിൽ ഗവർണർമാർ തടസമുണ്ടാക്കാൻ തുടങ്ങിയാൽ ജനാധിപത്യം താറുമാറാകുമെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. പേരറിവാളന്റെ ദയാഹർജിയിൽ കേന്ദ്ര സർക്കാർ നിലപാടെടുത്ത് അറിയിച്ചില്ലെങ്കിൽ കോടതിക്ക് മോചന ഉത്തരവിടേണ്ടി വരുമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

Story Highlights: perarivalan case tn govt against governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here