ലെനിൻ സെന്ററിൽ എത്തിയത് സംഘടനാപരമായ അജണ്ട ചർച്ച ചെയ്യാൻ; അഡ്വ.കെ.എസ് അരുൺ കുമാർ 24 നോട്

താൻ ലെനിൻ സെന്ററിലെത്തിയത് സംഘടനാപരമായ അജണ്ട ചർച്ച ചെയ്യാനാണെന്ന് അഡ്വ.കെ.എസ് അരുൺ കുമാർ ട്വന്റിഫോറിനോട്. തന്നെ സ്ഥാനാർത്ഥിയാക്കിയെന്ന് മാധ്യമങ്ങൾ തെറ്റിദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തു. ചുവരെഴുത്തുണ്ടായത് മാധ്യമങ്ങളിലെ വാർത്തയെ തുടർന്നുണ്ടായ തെറ്റിദ്ധാരണ മൂലമാണെന്നും അംഗമായ ഒരു ഘടകത്തിലും തന്റെ പേര് ഉയർന്നുവന്നില്ലെന്നും അഡ്വ.കെ.എസ് അരുൺ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ( arun kumar about thrikakara election )
സ്ഥാനാർത്ഥിയാകാത്തതിൽ വ്യക്തിപരമായി നിരാശയില്ലെന്ന് പറഞ്ഞ അരുൺ കുമാർ ഇവിടെ വ്യക്തിക്ക് പ്രസക്തിയില്ലെന്നും കൂട്ടിച്ചേർത്തു. എൽഡിഎഫ് പ്രവർത്തകർക്ക് ആർക്കും നിരാശയില്ലെന്നും അഡ്വ.കെ.എസ് അരുൺ കുമാർ എൻകൗണ്ടറിൽ പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫിന് ഗംഭീര വിജയം ഉണ്ടാകുമെന്ന് അഡ്വ. കെ എസ് അരുൺ കുമാർ ട്വന്റിഫോറിനോട് വ്യക്തമാക്കി.
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ കുമാറാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തൊട്ടുപിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപാതി അരുൺ കുമാറിനായി ചുവരെഴുത്തും നടന്നു. എന്നാൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചില്ലെന്ന വാർത്തയ്ക്ക് പിന്നാലെ ചുവരെഴുത്ത് നിർത്തി. ദിവസങ്ങൾക്കകം തന്നെ ഡോ. ജോ ജോസഫിനെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഡിവൈഎഫ്‌ഐ മുതൽ ശിശുക്ഷേമ സമിതി, സിഐടിയു എന്നിവയിലെല്ലാം ഔദ്യോഗിക പദവികൾ വഹിച്ച വ്യക്തിയാണ് അരുൺ കുമാർ. ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിധ്യമായ അരുൺകുമാർ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തിൽപ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യൽ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുൺ കുമാർ മണ്ഡലത്തിൽ സജീവമാണ്.
Story Highlights: arun kumar about thrikakara election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here