അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാതീരത്തേക്ക്; കേരളത്തിലെ നാല് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്

അസാനി ചുഴലിക്കാറ്റ് നാളെ ആന്ധ്രാതീരത്തേക്ക് എത്തും. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.
ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ആന്ധ്രപ്രദേശിലെ വിശാഖപട്ടണം തീരത്ത് നിന്ന് 570 കിലോ മീറ്റര്‍ അകലെയാണ് അസാനിയുടെ സ്ഥാനം. നാളെ വൈകിട്ടോടെ, ആന്ധ്രാതീരത്തിനു സമീപമെത്തും. വിശാഖപട്ടണം തീരത്തിനു സമീപം വച്ച് ബംഗ്ലാദേശ് ലക്ഷ്യമാക്കി കാറ്റ് നീങ്ങി, തീവ്രത കുറഞ്ഞ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് നിലവിലെ പ്രവചനം. ഈ സമയങ്ങളില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലെ തീരദേശ മേഖകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
ദുരന്തമുണ്ടായാല്‍ വേഗത്തില്‍ ഇടപെടുന്നതിനായി വിശാഖപട്ടണം കലക്ടറേറ്റില്‍ കണ്‍ട്രോണ്‍ റൂം തുറന്നു. കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 5 ദിവസം മഴ തുടരാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Story Highlights: asani cyclone moves to andhra