Advertisement

ഷഹീന്‍ബാഗ്: ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

May 9, 2022
Google News 1 minute Read

ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ സിപിഐഎം അഭിഭാഷകനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജിയുമായി വന്നതില്‍ സിപിഐഎമ്മിനെ കോടതി രൂക്ഷഭാഷയിലാണ് വിമര്‍ശിച്ചത്. റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശം നിഷേധിക്കപ്പെട്ടെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കരുതെന്നും ഹര്‍ജിയുമായെത്തിയ സിപിഐഎമ്മിനെ കോടതി ഓര്‍മ്മിപ്പിച്ചു. (sc against cpim)

ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ ബുള്‍ഡോസറെത്തുന്ന പശ്ചാത്തലത്തിലാണ് ഇതിനെതിരെ സിപിഐഎം സുപ്രിംകോടതിയെ സമീപിച്ചത്. അതേസമയം ഇന്ന് രാവിലെ പൗരത്വ നിയമത്തിനെതിരായ വന്‍ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീന്‍ ബാഗിലേക്ക് തെക്കന്‍ ഡല്‍ഹിയിലെ ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ബുള്‍ഡോസറുമായി എത്തിയതോടെ നാട്ടുകാരുടെ വലിയ സംഘം ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ദില്ലി പൊലീസും എത്തിയതോടെ ശക്തമായ പ്രതിഷേധം തീര്‍ത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Read Also : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എം. സ്വരാജ്

നടപടികള്‍ പൂര്‍ണമായി പാലിച്ചാണ് ഒഴിപ്പിക്കലിനെത്തിയതെന്നാണ് കോര്‍പറേഷന്റെ വാദം. ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാംഗം അമാനത്തുള്ള ഖാനും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രദേശത്ത് അനധികൃതമായ കയ്യേറ്റങ്ങളൊന്നുമില്ലെന്നും ബുള്‍ഡോസര്‍ നടപടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളതെന്നും കോണ്‍ഗ്രസും എഎപിയും ആരോപിച്ചു.

ഷഹീന്‍ ബാഗിന് സമീപമുള്ള കാളിന്ദി കുഞ്ച്ജാമിയ നഗര്‍ പ്രദേശങ്ങളിലും ശ്രീനിവാസ്പുരിയിലും കനത്ത ജനകീയ പ്രതിഷേധമുണ്ടായി. ഷഹീന്‍ ബാഗിന് സമീപമുള്ള പ്രധാന റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ പത്ത് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഷഹീന്‍ ബാഗിലും ബുള്‍ഡോസറുകളെത്തിയത്.

Story Highlights: sc against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here