നഗ്നനായ യുവാവ് പൊതുസ്ഥലത്ത് അഞ്ച് മണിക്കൂറോളം അഴിഞ്ഞാടി

നഗ്നനായ യുവാവ് പൊതുസ്ഥലത്ത് അഞ്ച് മണിക്കൂറോളം അഴിഞ്ഞാടിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. വ്യാപാരികളും നാട്ടുകാരും ചേർന്ന് ഏരെ പണിപ്പെട്ടാണ് യുവാവിനെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. നെയ്യാർഡാം സ്വർണ്ണക്കോട് റോഡരികത്ത് വീട്ടിൽ റിനുവാണ് (22) പൊലീസിന്റെ പിടിയിലായത്. ( naked young man wandered )
ഇന്നലെ രാവിലെ കാട്ടാക്കട ഗുരുമന്ദിര ഹാളിന്റെ കോമ്പൗണ്ടിലെത്തിയ യുവാവ് സ്വന്തം ബൈക്ക് മറിച്ചിട്ട് ആർത്തട്ടഹസിച്ച് കൊണ്ട് വിവസ്ത്രനായി പരാക്രമം ആരംഭിക്കുകയായിരുന്നു. അതുവഴി നടന്നുപോയവരെ കൈകാട്ടി വിളിച്ച ശേഷം അലറിവിളിച്ച് പേടിപ്പിക്കുകയായിരുന്നു. തുടർന്ന് ഗുരുമന്ദിര ഹാളിന്റെ കോമ്പൗണ്ടിൽ നിന്ന് റോഡിലേക്ക് ചാടിയിറങ്ങി പുന്നാംകരിക്കകം സ്വദേശി ബിജുമോൻ ലൈസൻസിയായുള്ള റേഷൻ കടയിലേക്ക് ഓടിക്കയറി.
റേഷൻ കടയിൽ കൂടിനിന്ന സ്ത്രീകൾ പേടിച്ച് ഓടിയതോടെ കടയിലെ മേശയും ത്രാസും അടിച്ചു തകർത്തു. റേഷൻ കടയിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ മണ്ണെണ്ണ സ്വന്തം ശരീരത്തിലും റേഷൻകടയിലും ഒഴിച്ചു. ഭക്ഷ്യ സാധനങ്ങളെല്ലാ മണ്ണെണ്ണ പടർന്ന് നശിച്ചതായി കടയുടമ പറയുന്നു. കൈയിലുണ്ടായിരുന്ന ബാക്കി മണ്ണെണ്ണ അകത്തെ മുറിയിൽ കയറി അവിടെ ഉണ്ടായിരുന്ന ചാക്കുകൾക്കു മീതെയും ഒഴിച്ചു. റേഷൻ കടയുടമ യുവാവിനെ തടഞ്ഞെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ബലം പ്രയോഗിച്ച് ഇയാളെ കടയ്ക്ക് പുറത്താക്കിയ ശേഷം നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.
പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെ പൊലീസ് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. തുടർന്ന് കോടതിയിൽ ഹാജരാക്കി. ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളാണ് റേഷൻകടയിൽ കയറി നശിപ്പിച്ചതെന്ന് കടയുടമ പറയുന്നു. കാട്ടാക്കട റേഷനിംഗ് ഇൻസ്‌പെക്ടർ, സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Story Highlights: naked young man wandered
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here