ഐ ലീഗില്‍ ചരിത്രമെഴുതി ഗോകുലം; മുഹമ്മദന്‍സിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം കിരീടം

ഐ ലീഗില്‍ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കിരീടം നേടി. അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനോട് സമനില മതിയായിരുന്നു ഗോകുലത്തിന് ജയം മുറപ്പിക്കാന്‍. എന്നാല്‍ ഗോള്‍ വലകിലുക്കി കൊണ്ട് ഗോകുലം ചരിത്ര വിജയം തന്നെ സ്വന്തമാക്കുകയായിരുന്നു. ഗോകുലത്തിനായി മലയാളി താരങ്ങളായി റിഷാദും എമില്‍ ബെന്നിയും ഗോള്‍ നേടി.
നേരത്തെ 202021 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോള്‍ ക്ലബ്ലെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്‌ബോള്‍ ലീഗ് 2007ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലത്തിന് സ്വന്തമായി.
റിഷാദ്, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അസ്ഹറുദ്ദീന്‍ മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദന്‍ എസ്.സിയുടെ ഏക ഗോള്‍. കിരീടത്തിലേക്ക് ഒരു സമനില മാത്രം മതിയായിരുന്ന ഗോകുലം ശ്രദ്ധയോടെയാണ് കളിയാരംഭിച്ചത്. എന്നാല്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ മുഹമ്മദന്‍സ് തുടക്കത്തില്‍ തന്നെ ഗോകുലം ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു. മാര്‍ക്കസ് ജോസഫും ആന്‍ഡെലോയുമെല്ലാം മികച്ച മുന്നേറ്റങ്ങളൊരുക്കി. എന്നാല്‍ പതിയെ താളം കണ്ടെത്തിയ ഗോകുലം പിന്നീട് മികച്ച കളി പുറത്തെടുത്തു.
ലഭിച്ച അവസരങ്ങള്‍ ഇരു ടീമിനും മുതലാക്കാന്‍ സാധിക്കാതിരുന്നതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് 49-ാം മിനിറ്റില്‍ റിഷാദിന്റെ കിടിലന്‍ ഷോട്ടിലൂടെ ഗോകുലം മുന്നിലെത്തി. ഈ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് മുഹമ്മദന്‍സ് സമനില ഗോള്‍ കണ്ടെത്തി. അസ്ഹറുദ്ദീന്‍ മാല്ലിക്കാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്. ഒടുവില്‍ 61-ാം മിനിറ്റില്‍ ഗോകുലത്തിന്റെ മിഡ്ഫീല്‍ഡിലെ മിന്നും താരം വയനാട്ടുകാരന്‍ എമില്‍ ബെന്നിയാണ് ഗോകുലത്തിന്റെ വിജയ ഗോള്‍ നേടിയത്.
Story Highlights: Gokulam writes history in I-League; Defeated Mohammedans and won the title
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here