വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ അടിപിടിയും കൂട്ടത്തല്ലും

മലപ്പുറം കല്‍പകഞ്ചേരിയില്‍ റോഡ് കോണ്‍ക്രീറ്റ് ഇടുന്നതിനെ ചൊല്ലി സംഘര്‍ഷം. കല്‍പകഞ്ചേരി വളവന്നൂര്‍ പഞ്ചായത്ത് അതിര്‍ത്തിയായ ഈങ്ങേല്‍പടിയിലാണ് വഴി കോണ്‍ക്രീറ്റ് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ‘ ഭീമന്റെ വഴി സിനിമ മോഡല്‍ ‘ സംഘര്‍ഷത്തില്‍ കലാശിച്ചത്.
പന്ത്രണ്ട് കുടുംബങ്ങളിലേക്കുള്ള വഴി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ഇട്ട് നല്‍കുന്നത് ഒരു കുടുംബം തടഞ്ഞതാണ് തര്‍ക്കത്തിന്റെ തുടക്കം. കുടുംബത്തിന്റെ അധീനതയില്‍ പണ്ട് ഉണ്ടായിരുന്നു എന്ന് അവര്‍ അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഇടാന്‍ എത്തിയതായിരുന്നു പഞ്ചായത്ത് അധികൃതര്‍. നാട്ടുകാരുടെ സഹായത്തോടെ നിര്‍മ്മാണം ആരംഭിച്ചതോടെ കുടുംബം എതിര്‍പ്പുമായെത്തി. സ്ത്രീകളും, കുട്ടികളും കൂട്ടമായെത്തി വഴി കോണ്‍ക്രീറ്റ് ഇടുന്നത് തടഞ്ഞു. വാക്കുതര്‍ക്കം അടിപിടിയിലെത്തി, അവസാനം കൂട്ടത്തല്ലിലേക്കുമെത്തി.
നിര്‍മ്മാണത്തിനായി കൊണ്ടുവന്ന ഇരുമ്പ് കമ്പി അടക്കം ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. അടിപിടിയില്‍ നാട്ടുകാര്‍ക്കും, സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ചെത്തിയ വീട്ടുകാര്‍ക്കും പരുക്കേറ്റു. കൂട്ടത്തല്ലിനിടയില്‍ പ്രദേശവാസിയായ യുവാവിന്റെ തല പൊട്ടി ചോര ഒലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Read Also: വെടിവെപ്പില്‍ കലാശിച്ചത് തട്ടുകടയിലെ വാക്കുതര്‍ക്കം; സംഭവം വിവരിച്ച് തട്ടുകടയുടമ
ഡയാലിസിസ് രോഗി ഉള്‍പ്പെടെ പന്ത്രണ്ട് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ വഴി കോണ്‍ക്രീറ്റ് ഇടണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഈ കുടുംബം സമ്മതിച്ചിരുന്നില്ല. ഇതിനിടയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സ്ഥലം ലഭിക്കുന്നതിനായി നഷ്ടപരിഹാരം പിരിച്ചു നല്‍കാനും തയ്യാറായി. എന്നാല്‍ കുടുംബം അത് സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിന്റെ ആസ്തിയിലാണ് സ്ഥലം വരുന്നതെന്നും അവകാശവാദം ഉന്നയിക്കുന്ന കുടുംബത്തിന്റെ കയ്യില്‍ അത് തെളിയിക്കുന്ന രേഖകള്‍ ഒന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Dispute over concreting of road malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here