മുഖത്ത് ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

തിളങ്ങുന്ന ചര്‍മ്മത്തിനായി വിവിധ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിപക്ഷം പേരും. എന്നാൽ ഓരോരുത്തരുടെയും ചര്‍മത്തിന്റെ സ്വഭാവം വ്യത്യസ്തമായതിനാൽ അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ വേണം ഉയോഗിക്കാൻ. കണ്ണിൽക്കണ്ട ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങൾ വാങ്ങിക്കൂട്ടാതെ ചര്‍മത്തിന്റെ സ്വഭാവം മനസിലാക്കി അനുയോജ്യമായവ വാങ്ങുന്നതാണ് ബുദ്ധി. എല്ലാവരും ഏറ്റവും ജനപ്രിയമായ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാറാണ് പതിവ്. എന്നാല്‍ ഇവ എല്ലാവർക്കും ചേരുന്നത് ആയിരിക്കില്ല.
നിങ്ങളുടെ ചര്‍മ്മം ഏത് തരത്തിലുള്ളതാണെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. എണ്ണമയമുള്ളതോ വരണ്ടതോ സെന്‍സിറ്റീവായതോ ആയ ചർമ്മമാണെങ്കിൽ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും അതിനനുസരിച്ചുള്ളതാവണം. ഓണ്‍ലൈന്‍ റിവ്യൂകളുടെയും സ്റ്റാറുകളുടെയും അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കരുത്. അതില്‍ അടങ്ങിയിരിക്കുന്ന ചേരുവകളാണ് നോക്കേണ്ടത്. ആ ചേരുവകൾ നമ്മുടെ ചർമ്മത്തിന് അനുയോജ്യമാണോ എന്ന കാര്യമാണ് ഏറ്റവും പ്രധാനം.
നിങ്ങളുടെ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തി വൃത്തിയോടെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, സൂര്യനില്‍ നിന്ന് ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്ന ഉല്‍പ്പന്നങ്ങൾ വേണം തെരഞ്ഞെടുക്കാന്‍. ഏതെങ്കിലും പുതിയ ഉല്‍പ്പന്നം ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. അതായത് മുഖത്ത് ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങളുടെ കൈത്തണ്ടയില്‍ ആദ്യം പരീക്ഷണം നടത്തണം. ഈ രീതിയില്‍ പരീക്ഷിക്കുമ്പോൾ അലര്‍ജികള്‍ തിരിച്ചറിയാന്‍ സാധിക്കും. അലര്‍ജിയൊന്നും കാണുന്നില്ലെങ്കിൽ നിങ്ങള്‍ക്ക് ഇത് മുഖത്ത് പരീക്ഷിക്കാം.
ചര്‍മ്മസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ രീതിയിലുള്ള ഉത്പന്നങ്ങൾ ശുപാര്‍ശ ചെയ്യാൻ ഡെര്‍മറ്റോളജിസ്റ്റിന് കഴിയും.
Story Highlights: few things to keep in mind when using face creams
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here