മുഖ്യമന്ത്രിയെ വേദിയിലിരുത്തി പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

മുഖ്യമന്ത്രിയെയും ഇടത് നേതാക്കളെയും വേദിയിലിരുത്തി പുകഴ്ത്തി കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥ്. പാലക്കാട് പെരിങ്ങോട്ടുകുറുശ്ശിയിൽ ഒളപ്പമണ്ണ സ്മാരക മന്ദിര ഉദ്ഘാടനത്തിനിടെയാണ് ഗോപിനാഥ് പിണറായി വിജയനെ പുകഴ്ത്തിയത്. നവകേരള സൃഷ്ടിക്ക് ഒരു ഗ്രാമം മുഴുവൻ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടെന്നും രാഷ്ട്രീയം നോക്കാതെ സർക്കാർ ഞങ്ങൾക്ക് വാരിക്കോരിത്തന്നെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കെ വി തോമസിനെ പോലെ ഞങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും എവി ഗോപിനാഥ് പ്രസംഗിച്ചു.
എ.വി. ഗോപിനാഥിനെ പരോക്ഷമായി സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയും രംഗത്തെത്തി. വികസന കാര്യത്തിൽ എ.വി. ഗോപിനാഥിനെപ്പോലെയുള്ളവർ സഹകരിക്കുന്നത് നല്ല കാര്യമാണെന്നും സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെങ്കിൽ അതിനും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് സമം: ഇ.പി.ജയരാജൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസ് വിട്ട് സിപിഎം പക്ഷത്തെത്തിയതാണ് കെവി തോമസ്. സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളെയും പോലെ, എന്തിനേറെ പറയുന്നു എന്റെ ആത്മ സുഹൃത്തായ കെവി തോമസിനെ പോലെ വികസന കാര്യത്തിൽ തങ്ങളും സർക്കാരിനെ നയിക്കുന്ന മുന്നണിയും ഒറ്റക്കെട്ടാണെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രസ്താവന. വേദിയിൽ ഉണ്ടായിരുന്ന ഇടത് എംഎൽഎ സുമോദിനെയും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവ് എകെ ബാലനെയും പേരെടുത്ത് പ്രശംസിച്ചായിരുന്നു ഗോപിനാഥിന്റെ വാക്കുകൾ.
സ്മാരകം ഉദ്ഘാടനം ചെയ്യാനായി എഴുന്നേറ്റ മുഖ്യമന്ത്രി സംസ്ഥാനത്ത് വികസനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാണ് സംസാരിച്ചത്. നമ്മുടെ നാടാണ് വലുതെന്നും വ്യക്തിതാൽപ്പര്യങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Former Congress leader AV Gopinath praised the Chief Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here