Advertisement

സഞ്ജുവിന്റെ മിന്നൽ തുടക്കം; ബട്‌ലറിന്റെ തകർപ്പൻ ഫിഫ്റ്റി: രാജസ്ഥാന് മികച്ച സ്കോർ

May 24, 2022
Google News 1 minute Read

ഐപിഎലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 188 റൺസ് നേടി. 89 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ സഞ്ജു സാംസൺ (47), ദേവ്ദത്ത് പടിക്കൽ (28) എന്നിവരും രാജസ്ഥാനിൽ തിളങ്ങി.

മോശം തുടക്കമാണ് രാജസ്ഥാനു ലഭിച്ചത്. 3 റൺസ് മാത്രം നേടിയ യശസ്വി ജയ്സ്വാൾ രണ്ടാം ഓവറിൽ പുറത്തായി. താരത്തെ യാഷ് ദയാലിൻ്റെ പന്തിൽ വൃദ്ധിമാൻ സാഹ പിടികൂടുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ നേടി നയം വ്യക്തമാക്കി. മറുവശത്ത് ടൈമിങ് കണ്ടെത്താൻ ബട്‌ലർ ബുദ്ധിമുട്ടവെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത സഞ്ജു തുടരെ ബൗണ്ടറികൾ നേടി രാജസ്ഥാനെ മുന്നോട്ടുനയിച്ചു. ബട്‌ലറുമൊത്ത് രണ്ടാം വിക്കറ്റിൽ 68 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളി ആയ ശേഷം സഞ്ജു മടങ്ങി. 26 പന്തുകളിൽ 5 ബൗണ്ടറിയും 3 സിക്സറും സഹിതം 47 റൺസെടുത്ത സഞ്ജുവിനെ രവിശ്രീനിവാസൻ സായ് കിഷോർ അൽസാരി ജോസഫിൻ്റെ കൈകളിലെത്തിച്ചു.

സഞ്ജു പുറത്തായതിനു പിന്നാലെ സ്കോറിംഗ് വേഗത കുറഞ്ഞു. നാലാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കലിനും ബട്‌ലർക്കും സഞ്ജു കാത്തുസൂക്ഷിച്ച ടെമ്പോ തുടരാനായില്ല. സാവധാനത്തിൽ ഫോമിലേക്കുയർന്ന ദേവ്ദത്ത് ചില ബൗണ്ടറി ഷോട്ടുകൾ കളിച്ച് ടീമിൻ്റെ റൺ നിരക്കുയർത്തി. എന്നാൽ, 20 പന്തുകളിൽ 2 വീതം ബൗണ്ടറിയും സിക്സറും സഹിതം 28 റൺസെടുത്ത ദേവ് ഹാർദ്ദിക് പാണ്ഡ്യയുടെ പന്തിൽ പ്ലെയ്ഡ് ഓൺ ആയി.

ദേവ്ദത്ത് പുറത്തായതിനു പിന്നാലെ ആക്രമിച്ചുകളിച്ച ബട്‌ലർ 42 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ബട്‌ലർ അവസാന ഓവറുകളിൽ തുടരെ ബൗണ്ടറികൾ കണ്ടെത്തി. ഭാഗ്യത്തിൻ്റെ അകമ്പടിയും ബട്‌ലറിന് ഉണ്ടായിരുന്നു. ഷിംറോൺ ഹെട്മെയർ (4) വേഗം മടങ്ങി. ഷമിയുടെ പന്തിൽ രാഹുൽ തെവാട്ടിയക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം പുറത്തായത്. 56 പന്തുകളിൽ 12 ബൗണ്ടറിയും രണ്ട് സിക്സറും സഹിതം 89 റൺസെടുത്ത ബട്‌ലർ ഇന്നിംഗ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. പക്ഷേ, ഇത് നോബോൾ ആയിരുന്നു. അടുത്ത പന്ത് വൈഡായി. ആ പന്തിൽ റിയൻ പരഗും (4) റണ്ണൗട്ടായി. ആർ അശ്വിൻ (2) നോട്ടൗട്ടാണ്.

Story Highlights: rajasthan royals innings gujarat titans ipl qualifier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here