ഇന്നത്തെ പ്രധാന വാർത്തകൾ ( 28-05-2022 )
മാസ്ക് ധരിക്കാത്തതിന് പൊലീസ് മർദ്ദനം; സ്വന്തം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന് വയോധികനു നോട്ടീസ് ( may 28 news round up )
മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് മർദ്ദനം നേരിട്ട രാമാനന്ദൻ നായർ സ്വന്തം പൊലീസ് സ്റ്റേഷനിൽ എത്തിയാൽ മതിയെന്ന് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈഎസ്പിയാണ് നോട്ടീസ് അയച്ചത്. വരുന്ന നാലാം തീയതി സ്റ്റേഷനിലത്താനാണ് നോട്ടീസ്. അന്ന് ഹാജരായില്ലെങ്കിൽ താങ്കൾക്ക് ഒന്നും പറയാനില്ലെന്ന് കണക്കാക്കി കേസ് അവസാനിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. നേരത്തെ രാമാനന്ദൻ നായരോട് ഇടുക്കി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 24 ബിഗ് ഇംപാക്ട്.
ജമ്മുകശ്മീര്‍ വിഷയത്തിലെ സമാധാന ചര്‍ച്ച; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് പാകിസ്താന്‍
കശ്മീര്‍ വിഷയത്തില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ വ്യവസ്ഥ വച്ച് പാകിസ്താന്‍. സമാധാന ചര്‍ച്ചകള്‍ തുടരണമെങ്കില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. 2019 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.
മതവിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു
ആലപ്പുഴയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പസമയത്തിനകം ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.
സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അത്; തെറ്റില്ലെന്ന് കുട്ടിയുടെ പിതാവ്
ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസിൽ പ്രതികരിച്ച് കുട്ടിയുടെ പിതാവ് അസ്ജർ ലത്തീഫ്. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും പിതാവ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മുൻപും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
വിഡിയോ നിർമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം; ഇക്കാര്യത്തിൽ ഡോക്ടർ ദയയ്ക്കൊപ്പം : ഉമാ തോമസ്
തൃക്കാക്കരയിൽ തനിക്ക് നൂറ് ശതമാനവും വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ പാടില്ലെന്നും, രാഷ്ട്രീയപരമായി നേരിടണമെന്നും ഉമാ തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിൽ ജോ ജോസഫിന്റെ കുടുംബത്തിന് പിന്തുണയുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.
ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കും; ഡിജിപിയെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ
ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തി. ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവ പറമ്പുകളി9ലും മറ്റ് മത ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും. 2020ൽ പ്രാബല്യത്തിൽ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.
‘ജയിലിൽ ഉള്ളത് സകലകലാവല്ലഭന്മാർ’; പ്രതികരിച്ച് പിസി ജോർജ്
ജയിൽ മോചിതനായതിനു ശേഷം പ്രതികരിച്ച് പിസി ജോർജ്. തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ എന്ന് പിസി മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ സകലകലാവല്ലഭന്മാർ ആണ് ഉള്ളതെന്നും അതുകൊണ്ടാണ് അവർക്ക് ജാമ്യം അനുവദിക്കാത്തതെന്നും പിസി ജോർജ് വിശദീകരിച്ചു.
ഭൂമി രജിസ്ട്രേഷന്‍ തടസപ്പെട്ടത് പരിഹരിക്കാന്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന്‍ തടസപ്പെട്ടത് പരിഹരിക്കാന്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍. മൂന്നു ജില്ലകള്‍ക്ക് ഒരു മണിക്കൂര്‍ വീതം രജിസ്‌ട്രേഷനുള്ള സൗകര്യം നല്‍കിക്കൊണ്ട് ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനവും പരാജയപ്പെട്ടു. ഇതോടെ കഴിഞ്ഞ നാലു ദിവസമായി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകാതെ ജനങ്ങള്‍ വലയുകയാണ്.
Story Highlights: may 28 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here