പരാജയം വ്യക്തിപരമല്ല, തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും; ജോ ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് എൽഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്. സിൽവര്‍ ലൈൻ വിഷയത്തിൽ സര്‍ക്കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോണ്‍ഗ്രസ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്.
Read Also: ‘കൊച്ചിക്ക് പഴയ കൊച്ചിയാകാനാണ് വിധി’: എം എം മണി
ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പരാജയം സർക്കാരിനെതിരായ വിധിയെഴുത്തല്ല. തോൽവി അവിശ്വസനീയമാണ്. വ്യത്യസ്‍തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഇതിൽ ബന്ധമില്ലെന്നും സിഎൻ മോഹനൻ പറഞ്ഞു.
Story Highlights: Jo Joseph About Thrikkakara Bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here