Advertisement

99ൽ വിക്കറ്റ്; ക്യാപ്റ്റനെ തടഞ്ഞ് തൃക്കാക്കര

June 3, 2022
2 minutes Read
thrikkakkara uma thomas jo
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയം എൽഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. എൽഡിഎഫിനെതിരെ 24300 വോട്ടുകൾക്കാണ് യുഡിഎഫിൻ്റെ ജയം. വോട്ടെണ്ണലിന് തൊട്ടുമുൻപ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന എൽഡിഎഫ് പലതവണ തങ്ങൾ സെഞ്ചുറിയടിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. തൃക്കാക്കരയിൽ സിക്സറടിച്ച് സെഞ്ചുറി തികയ്ക്കുമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പക്ഷേ, ഗോൾഡൻ ഡക്കിൽ പുറത്തായി. (thrikkakkara uma thomas jo)

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുതിർന്ന നേതാക്കളൊക്കെ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയെങ്കിലും തൃക്കാക്കരയെ മാറ്റിചിന്തിപ്പിക്കാൻ സാധിച്ചില്ല. വർഷങ്ങളായി യുഡിഎഫിൻ്റെ മണ്ഡലമായ തൃക്കാക്കര ഇക്കുറിയും അത് നിലനിർത്തി. വെറും ഒരു ഉപതെരഞ്ഞെടുപ്പ് എന്നതിലുപരി യുഡിഎഫിന് ഇത് ജീവന്മരണ പോരാട്ടമായിരുന്നു. 99 സീറ്റുകളും നഷ്ടപ്പെട്ട് വംശനാശ ഭീഷണിയുടെ വക്കിലായിരുന്ന യുഡിഎഫിന് തൃക്കാക്കര എങ്ങനെയും നിലനിർത്തേണ്ടത് അനിവാര്യമായിരുന്നു. അതിനായി സ്ഥാനാർത്ഥി മുതൽ യുഡിഎഫ് എല്ലാം കൃത്യമായി ചെയ്തു. കൃസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് എൽഡിഎഫ് ജോ ജോസഫിനെ പരിഗണിച്ചെങ്കിലും അത് ഫലം കണ്ടില്ല. പരമ്പരാഗതമായി പിടി തോമസിനു വീഴുന്ന വോട്ടുകൾ വേറെ എവിടെയും പോയില്ല.

പിടി തോമസ് എന്ന പേര് തന്നെയാണ് തൃക്കാക്കരയുടെ ജനവിധി നിർണയിക്കുന്നതിൽ നിർണായകമായത്. പ്രചാരണത്തിൽ അവർ പിടി തോമസിനെ കൃത്യമായി ഉപയോഗിച്ചു. ട്രോളുകൾ കൊണ്ട് ആക്രമിക്കപ്പെട്ടെങ്കിലും ഉമ അതിൽ തന്നെ ഉറച്ചുനിന്നു. തൃക്കാക്കരയിൽ പിടി തോമസ് എന്ന വ്യക്തിത്വത്തിൻ്റെ പ്രഭാവം നിർണായകമായി. കെ-റെയിലും ഇവിടെ നിർണായകമായി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുറ്റിയടി നിർത്തിവച്ചെങ്കിലും ജനം അത് പരിഗണിച്ചില്ല.

Read Also: ബെന്നി ബെഹനാനെയും മറികടന്നു; ഉമ തോമസിന് റെക്കോർഡ് ഭൂരിപക്ഷം

നിശ്ചയിച്ച സ്ഥാർത്ഥിയെ മാറ്റിയതൊഴിച്ചാൽ എൽഡിഎഫ് എടുത്തുപറയത്തക്ക പിഴവുകളൊന്നും വരുത്തിയില്ല. കെ-റെയിൽ കുറ്റിയടി നിർത്തിവച്ചു. കൃത്യമായി പ്രചാരണം നടത്തി. മുഖ്യമന്ത്രിയടക്കം നേതാക്കളൊക്കെ വന്ന് തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തു. എംഎൽഎമാർ, മന്ത്രിമാർ, ഘടകകക്ഷി നേതാക്കൾ. എല്ലാവരും തൃക്കാക്കരയിലുണ്ടായിരുന്നു. വീട് വീടാന്തരം മന്ത്രിമാർ തന്നെ പ്രചാരണം നടത്തി. മുട്ടുകേട്ട് തൃക്കാക്കരയിലെ ജനം വാതിൽ തുറക്കുമ്പോഴൊക്കെ അവർ കണ്ടത് ജനപ്രതിനിധികളെയായിരുന്നു. ഇതിനിടെ അദ്ദേഹത്തിനെതിരെ പുറത്തുവന്ന വ്യാജ വിഡിയോ യുഡിഎഫിനെ ഒന്നുലച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർ ഇത് എടുത്തുപറഞ്ഞ് പ്രചാരണം നടത്തി. അത് അവർക്ക് വലിയ ആത്മവിശ്വാസവും നൽകി. പക്ഷേ, അത് മതിയാവുമായിരുന്നില്ല.

ട്വൻ്റി-20, ആം അദ്മി കൂട്ടുകെട്ടായ ജനക്ഷേമ സഖ്യത്തിൻ്റെ വോട്ടുകളും യുഡിഎഫിനു മറിഞ്ഞെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമുണ്ടായി എന്ന് ചീഫ് കോർഡിനേറ്റർ സാംബു എം ജേക്കബ് പറഞ്ഞത് ഇതിനു തെളിവാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. 24300 വോട്ടുകൾക്കാണ് ഉമയുടെ വിജയം. യുഡിഎഫ് 70,1101 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിനു ലഭിച്ചത് 45,801 വോട്ടുകളാണ്.

Story Highlights: thrikkakkara uma thomas jo joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement