Uppum Mulakum: ഇണക്കവും പിണക്കവുമായി ബാലുവും കുടുംബവും വീണ്ടുമെത്തുന്നു
കാത്തിരിപ്പുകൾക്കൊടുവിൽ മലയാളി കുടുംബപ്രേക്ഷകർ ഒന്നടങ്കം നെഞ്ചേറ്റിയ പരമ്പര ഉപ്പും മുളകും(Uppum Mulakum) നാളെ മുതൽ സംപ്രേഷണം ആരംഭിക്കുയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാലുവും നീലുവും മുടിയനുമെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 2015 ഡിസംബർ 12നാണ് പ്രേക്ഷകരിലേക്ക് ആദ്യമായി ഉപ്പും മുളകും പ്രൊമോ എത്തിയത്. അന്നും ഇന്നും ഉപ്പും മുളകിനോളം സ്വീകാര്യത ലഭിച്ച മറ്റൊരു ഹാസ്യ പരമ്പരയില്ല എന്നതിൽ തർക്കമില്ല. മിനിസ്‌ക്രീനിൽ മാത്രമല്ല, യൂട്യുബിലും ഹിറ്റാണ് ഉപ്പും മുളകും.
മികച്ച പിന്തുണയോടെ ലോക ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് ഉപ്പും മുളകും കുടുംബം വർഷങ്ങളോളം ജൈത്രയാത്ര തുടർന്നിരുന്നു. ബാലുവും, നീലുവും, മുടിയനും, ലച്ചുവും, ശിവാനിയും, കേശുവും ചേർന്ന് മലയാളി മനസിൽ ചിരിയുടെ രസക്കൂട്ടുകൾ തീർത്തപ്പോൾ മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഹിറ്റ് പരമ്പരകളിൽ ഒന്നായി മാറി ഈ ഹാസ്യ സീരിയൽ.
സാധാരണ മലയാളി വീടുകളിലെ കഥ പറയുമ്പോഴും പുതുമയാർന്ന അവതരണ ശൈലികൊണ്ടും, സ്‌പോട്ട് കോമഡികൾ കൊണ്ടും പരമ്പര മറ്റ് ഹാസ്യ സീരിയലുകളിൽ നിന്ന് വേറിട്ട് നിന്നു. അഭിനേതാക്കൾ എന്നോ കഥാപാത്രങ്ങളെന്നോ മറന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്ന സ്നേഹമാണ് പ്രേക്ഷകർ ഇവർക്ക് നൽകിയത്.
ഉപ്പും മുളകിൽ ബാലുവായി ബിജു സോപാനവും, നീലുവായി നിഷാ സാരംഗുമാണ് വേഷമിടുന്നത്. കേശുവായി അൽസാബിത്തും, ശിവയായി ശിവാനിയും, മുടിയനായി വിഷ്ണുവും, ലച്ചുവായി ജൂഹിയും , പാറുക്കുട്ടിയായി അമേയയുമാണ് വേഷമിടുന്നത്. പാറുക്കുട്ടിയുടെ വരവോടെ ഉപ്പും മുളകിനും കൂടുതൽ ആരാധകരുമായി.ജനിച്ച് ആറു മാസം മുതൽ ഉപ്പും മുളകിലൂടെ പാറുക്കുട്ടി പ്രേക്ഷകർക്ക് മുന്നിലാണ് വളർന്നത്. പാറുക്കുട്ടി ആദ്യമായി അച്ഛാ എന്ന് വിളിച്ചതും, നടക്കാൻ പഠിച്ചതും, ഡയലോഗുകൾ പറയാൻ പഠിച്ചതുമെല്ലാം പ്രേക്ഷകരുടെ മുന്നിലാണ്.
Read Also: പ്രേക്ഷകരുടെ പ്രിയ പരിപാടികൾ ഫ്‌ളവേഴ്‌സിൽ തിരിച്ചെത്തുന്നു
2016ൽ പരമ്പരയ്ക്ക് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌കാരം ഉപ്പും മുളകും സീരിയലിന് ലഭിച്ചപ്പോൾ, മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരം പര്‌നപരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിജു സോപാനത്തിന് ലഭിച്ചു. പ്രധാന വേഷം കൈകാര്യം ചെയ്യുന്ന നിഷ സാരംഗിന് ഹാസ്യാഭിനേത്രിക്കുള്ള പ്രത്യേക ജ്യൂറി പരാമർശം ലഭിച്ചിരുന്നു.
Story Highlights: uppum mulakum season 2 starts tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here