സായുധ സേനയിൽ സേവനമനുഷ്ഠിക്കാം; ഇന്ത്യൻ സേനയിലേക്കുള്ള തെരഞ്ഞെടുപ്പ് ‘അഗ്നിപഥ്’ പദ്ധതിയിലൂടെ

ഭാരതീയ സായുധ സേനകളിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെക്കുറിച്ച് വിശദീകരിച്ച് ഭാരതീയ വായു സേനയിലെ സീനിയർ എയർ സ്റ്റാഫ് ഓഫീസർ എയർമാർഷൽ ബി സാജു. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിയെപ്പറ്റി വ്യക്തമാക്കിയത്. യുവാക്കൾക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിനുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ ജൂൺ 14 ന് അംഗീകാരം നൽകിയിരുന്നു. ഈ പദ്ധതിക്ക് ‘അഗ്നിപഥ്’ എന്നാണ് പേരിട്ടിരിക്കുന്നത്.
ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ ‘അഗ്നിവീർ’ എന്ന പേരിൽ അറിയപ്പെടും. രാജ്യസ്‌നേഹമുള്ളവരും പ്രചോദിതരുമായ യുവാക്കൾക്ക് നാല് വർഷത്തേക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ അഗ്നിപഥ് പദ്ധതിയിലൂടെ സാധിക്കും. പതിനേഴര മുതൽ 21 വയസുവരെയുള്ളവർക്കാണ് അവസരം ലഭിക്കുന്നത്. 46000 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതാക്കാനാണ് അഗ്നിപഥ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമകാലിക സാങ്കേതിക പ്രവണതകളുമായി കൂടുതൽ ഇണങ്ങിച്ചേരുന്ന, യൂണിഫോം ധരിക്കാൻ താൽപ്പര്യമുള്ള യുവ പ്രതിഭകൾക്ക് സായുധ സേനകളിൽ നാലു വർഷം സേവനമനുഷ്ഠിക്കാൻ സാധിക്കും. നാലു വർഷങ്ങൾക്ക് ശേഷം തിരികെ പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും.
മതിയായ അച്ചടക്കവും, വൈദഗ്ധ്യവും മറ്റ് മേഖലകളിൽ സംഭാവന നൽകാൻ കഴിവുള്ള യുവാക്കളെ സൈന്യത്തിലെത്തിക്കുന്നത് രാജ്യത്തിന് നേട്ടമാവും. ബാഹ്യ ഭീഷണികൾ, ആഭ്യന്തര ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ നേരിടാൻ ദേശസ്‌നേഹം, ടീം വർക്ക്, ശാരീരിക ക്ഷമത, രാജ്യത്തോടുള്ള വിശ്വസ്തത എന്നീ ഗുണങ്ങളുള്ള ഒരു യുവതയെ വാർത്തെടുക്കാൻ ഇതിലൂടെ സാധിക്കും. മൂന്നു സേനകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നയപ്രകാരമായിരിക്കും.
മൂന്ന് സേനകൾക്കും ബാധകമായ റിസ്ക്, ഹാർഡ്ഷിപ്പ് അലവൻസുകൾക്കൊപ്പം ആകർഷകമായ പ്രതിമാസ ശമ്പള പാക്കേജും അഗ്നിവീരർക്ക് ലഭിക്കും. നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒറ്റത്തവണ ‘സേവാ നിധി’ പാക്കേജ് നൽകും. സേവാ നിധി പാക്കേജിൽ അഗ്നി വീരരിൽ നിന്നുള്ള വിഹിതവും സമമായ സർക്കാർ വിഹിതവും അതിന്മേലുള്ള പലിശയും ഉൾപ്പെടും.
Story Highlights: Government announced the Agnipath recruitment scheme for the defence forces
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here