പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നതല്ല ധൂര്‍ത്ത്; യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം; വിഡി സതീശൻ

എം എ യൂസഫലി ലോക കേരള സഭയില്‍ നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ കാരണങ്ങളാലാണ് പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നതും താമസം ഒരുക്കുന്നതുമാണ് എതിര്‍ക്കുന്നതെന്ന യൂസഫലിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ ഇന്റീരിയര്‍ നവീകരണത്തിലെ ധൂര്‍ത്താണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി ഓഫീസുകളും കോണ്‍ഗ്രസ് ഓഫീസുകളും തകര്‍ക്കുകയും കന്റോണ്‍മെന്റ് ഹൗസില്‍ അക്രമികളെ വിടുകയും പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയോട് പ്രകടിപ്പിച്ചിരുന്നു. പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതോ താമസം നല്‍കുന്നതോ ധൂര്‍ത്തായി ഒരു പ്രതിപക്ഷ നേതാവും പറഞ്ഞിട്ടില്ല. ആ രീതിയിലേക്ക് വളച്ചൊടിക്കാന്‍ സിപിഐഎം കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് സംഘടനകളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രവാസി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ട് ലോക കേരള സഭകള്‍ നടന്നിട്ടും എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയെന്നത് സംബന്ധിച്ച് പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്നും സതീശൻ പറഞ്ഞു.
Story Highlights: yusufali’s reference is unfortunate; vd satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here