Ksrtc: ഗതാഗത ലംഘനങ്ങള്‍ക്ക് പൂട്ടിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്: കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

അപകടകരമായ രീതിയില്‍ ആലുവ ഭാഗത്തു ദേശീയ പാതയിലൂടെ വാഹനമോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സിങ്ങ് അതോറിറ്റി തീരുമാനിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറായ ടി.ബി.ഷണ്മുഖന്റെ ലൈസന്‍സ് സെപ്റ്റംബര്‍ 1 മുതല്‍ 15 വരെയായിരിക്കും സസ്പെന്‍ഡ് ചെയ്യുന്നത് ( KSRTC driver License revoked mvd ).
Read Also: കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്
ഏപ്രില്‍ 18നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. തൃശൂര്‍-വെള്ളനാട് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്റ്റേജ് ക്യാരേജിന്റെ ഡ്രൈവറായിരുന്ന ഷണ്മുഖന്‍ പുളിഞ്ചോട് സിഗ്നലില്‍ ചുവപ്പ് നിറം കത്തി നില്‍ക്കെ സിഗ്നല്‍ ഒഴിവാക്കുന്നതിനായി ഇടതു വശത്തുള്ള സര്‍വീസ് റോഡിലൂടെ വന്ന് പുളിഞ്ചോട് കവലയില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോകുന്ന റോഡിന് കുറുകെ പ്രവേശിച്ച് തിരികെ വീണ്ടും വലത്തേക്ക് തിരിഞ്ഞ് ദേശീയ പാതയില്‍ പ്രവേശിച്ചു. ഇത് ശ്രദ്ധയില്‍പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റെഡ് ബാറ്റണ്‍ കാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മുന്നോട്ട് കയറ്റി നിര്‍ത്തിയ വാഹനം പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി നിഷാന്ത് വാഹനത്തിന് സമീപത്തേക്ക് നീങ്ങിയപ്പോള്‍ ബസ് മുന്നോട്ട് എടുത്തു ഓടിച്ചുപോകുകയായിരുന്നു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വൈറ്റില മൊബിലിറ്റി ഹബില്‍ എത്തി നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അതേ ദിവസം തന്നെ ഷണ്‍മുഖനോട് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുമായി ബന്ധപ്പെട്ട് കാരണം കാണിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നോട്ടീസിനു നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഷണ്മുഖന്റെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കാന്‍ തീരുമാനിച്ചത്. സമാന രീതിയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ചേര്‍ത്തല ഡിപ്പോയിലെ ഡ്രൈവറായ സുനില്‍കുമാറിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ താത്കാലികമായി റദ്ദാക്കിയിരുന്നു.
Story Highlights:
Department of Motor Vehicles to lock up for traffic violations: KSRTC driver
License revoked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here