Advertisement

കോന്തുരുത്തി പുഴ കൈയ്യേറിയവർക്ക് ലൈഫ് മിഷൻ വഴി വീട്; സുപ്രധാന തീരുമാനവുമായി പിണറായി സർക്കാർ

June 22, 2022
3 minutes Read
Home through Life Mission
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോന്തുരുത്തി പുഴ കൈയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സര്‍വ്വേയില്‍ അര്‍ഹരായി കണ്ടെത്തിയ 122 പേരില്‍ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 56 കുടുംബങ്ങള്‍ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തും. പള്ളുരുത്തി വില്ലേജില്‍ ജി.സി.ഡി.എ കൊച്ചി നഗരസഭയ്ക്കു കൈമാറിയ 1 ഏക്കര്‍ 38 സെന്റ് 200 സ്‌ക്വയര്‍ ലിങ്ക്‌സ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിര്‍മ്മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി. പുഴ കയ്യേറി താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ( Home through Life Mission )

മറ്റ് പ്രധാന മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ അംഗീകരിച്ചു

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശകള്‍ ഭേദഗതിയോടെ അംഗീകരിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ വിഭവസമാഹരണം, വായ്പ എടുക്കല്‍, സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ ശേഖരിക്കല്‍, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, വികസന ഫണ്ടിന്റെയും പൊതു അവശ്യ ഫണ്ടിന്റെയും വിന്യാസവും ബന്ധപ്പെട്ട കാര്യങ്ങളും മുതലയാവയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.

ശമ്പളപരിഷ്‌കരണം

കേരള കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ചീഫ് ഓഫീസിലും 14 ജില്ലാ ഓഫീസുകളിലും സേവനമനുഷ്ഠിക്കുന്ന സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ 4 എല്‍.ഡി. ക്ലര്‍ക്ക്, 4 പ്യൂണ്‍/ആഫീസ് അറ്റന്‍ഡന്റ്, 2 പ്യൂണ്‍-കം പ്രോസസ്സ് സെര്‍വര്‍ എന്നിവര്‍ക്കും ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ 8 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും 10.02.2021 ലെ ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.

Read Also: പാലാ ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേര് നൽകും

കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു

2022 മാര്‍ച്ച് 13 ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ് (റിട്ട.) സി. എന്‍. രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും അഡ്വ. മാണി വിതയത്തില്‍ (എറണാകുളം), ജി. രതികുമാര്‍ (കൊട്ടാരക്കര) എന്നിവര്‍ അംഗങ്ങളുമാണ്.

ഭൂമി കൈമാറ്റം

കിന്‍ഫ്രയ്ക്ക് വേണ്ടി അക്വയര്‍ ചെയ്ത ഭൂമിയില്‍ ഉള്‍പ്പെട്ട എറണാകുളം കാക്കനാട് വില്ലേജില്‍ ബ്ലോക്ക് 9 റീസര്‍വ്വെ 570/2 ല്‍ പ്പെട്ട 02.1550 ഹെക്ടര്‍ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കില്‍ വ്യവസായ പാര്‍ക്ക് വികസനത്തിന് കിന്‍ഫ്രയ്ക്ക് കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി. പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കാക്കനാട്ടുള്ള 14 ഏക്കര്‍ ഭൂമി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. 17.4 ഏക്കര്‍ ഭൂമി നേരത്തെ കൈമാറിയിരുന്നു.

പാട്ടത്തിന് നല്‍കും

മലപ്പുറം ജില്ലയല്‍ നടുവട്ടം വില്ലേജിലെ എട്ട് ഏക്കര്‍ ഭൂമി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് കെ.എസ്.ഐ.ഡി.സിക്ക് 30 വര്‍ഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

കെ.പി.പി.എല്‍ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി

മൂന്ന് വര്‍ഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് പുതുതായി ആരംഭിച്ച കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും നടപടിയെടുക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ വനം വകുപ്പിന്റെ അധീനതിയിലുള്ള തോട്ടങ്ങളില്‍ കെ.പി.പി.എല്‍ പേപ്പര്‍ പള്‍പ്പ് നിര്‍മ്മാണത്തിനാവശ്യമായി കണ്ടെത്തിയ 24000 എം.റ്റി വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ കെ.പി.പി.എല്ലിന് അനുവദിക്കും. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.

മുദ്ര വില ഒഴിവാക്കി

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയുടെ ഭാഗമായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയന്‍സ് റിസര്‍ച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിന് പാട്ടത്തിനെടുക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 3 ല്‍ റീസര്‍വ്വെ 187/1 ല്‍പ്പെട്ട 80.93 ആര്‍ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇനങ്ങളില്‍ ആവശ്യമായി വരുന്ന 50,00,470 രൂപ ഒഴിവാക്കി നല്‍കും. ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് ചെയ്യാന്‍ തീരുമാനിച്ചു.

Story Highlights: Home through Life Mission for those who encroach the Konthuruthy river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement