Advertisement

കെ.എന്‍.എ ഖാദറിനെ സങ്കി ചാപ്പകുത്തി ക്രൂശിക്കുന്നു; ഖാദര്‍ ആദര്‍ശപരമായി ഉറപ്പുള്ളവനെന്ന് എം.ടി.രമേശ്

June 23, 2022
Google News 2 minutes Read
KNA Khader ideally sound

ആര്‍എസ്എസ് വേദിയിലെത്തിയ കെ.എന്‍.എ.ഖാദിനെതിരെ മുസ്‌ലിം ലീഗിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കെ.എന്‍.എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കാന്‍ സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റി. സ്വന്തം ആദര്‍ശത്തില്‍ സംശയമുള്ളവര്‍ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേള്‍ക്കാന്‍ പോലും ഭയപ്പെടും. കെ.എന്‍.എ ഖാദര്‍ പറയാനും കേള്‍ക്കാനും കെല്‍പ്പുള്ളവനാണ്. ആദര്‍ശപരമായി ഉറപ്പുള്ളവനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു ( KNA Khader ideally sound ).

ജെ.നന്ദകുമാര്‍ ബുദ്ധനെ കുറിച്ചാണ് സംസാരിച്ചത് ബുദ്ധന്‍ വെറുക്കപ്പെടേണ്ടവന്‍ അല്ലാത്തതുകൊണ്ട് ആ പ്രസംഗം ഖാദറിന് രസിച്ചു. പലമതസാരവുമേകമെന്ന ശ്രീനാരായണ ദര്‍ശനമാണ് ഖാദര്‍ കേസരിയുടെ വേദിയില്‍ സംസാരിച്ചത്. സംശയമുള്ളവര്‍ക്ക് കേള്‍ക്കാം. എന്നിട്ടും ക്രൂശിക്കാനാണ് ഭാവമെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ആശയ സംവാദങ്ങള്‍ക്കും സംരക്ഷണമൊരുക്കാന്‍ പൊതുസമൂഹം ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിന്‍പറ്റുന്നവരാണോ. മാര്‍ക്‌സിയന്‍ ആചാര്യനായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടും ആര്‍എസ്എസ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയില്‍ എത്രയേറെ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പരസ്പരം സംവദിക്കുന്ന തുറസല്ലെ ജനാധിപത്യം. ആശയപരമായി ഉറപ്പുള്ളവര്‍ക്ക് അത് ഏതുവേദിയിലും ഉറച്ച് പറയാന്‍ സാധിക്കണം. സോളിഡാരിറ്റിയുടെയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദിയില്‍ പങ്കെടുത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആശയം വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഒന്നും എന്റെ പ്രസ്ഥാനം എന്നെ വിലക്കിയിട്ടില്ല. കേസരി ഒരു മാധ്യമ സ്ഥാപനമാണ്. മാധ്യമസ്ഥാപനങ്ങളുടെ പ്രധാന ധര്‍മ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്. വിവിധ ആശയങ്ങള്‍ അവിടെ തമ്മില്‍ ആശയപരമായി കോര്‍ക്കുമ്പോഴാണ് പുതിയ ആശയധാരകള്‍ സൃഷ്ടിക്കപ്പെടുന്നത്. ആശയ ദാരിദ്ര്യമുള്ളവര്‍ സംവാദങ്ങളെ ഭയപ്പെടുമെന്നും എം.ടി.രമേശ് പരിഹസിച്ചു.

Read Also: കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്

കെ.എന്‍.എ ഖാദറിനെ പിന്തുണച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി. മുസ്ലിം ലീഗ് പുറത്താക്കിയാല്‍ കെ.എന്‍.എ ഖാദര്‍ അനാഥനാകില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുളള ആളാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. കെ.എന്‍.എ ഖാദറിനെതിരായി ലീഗില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അബ്ദുളള കുട്ടിയുടെ പ്രതികരണം.

അതേസമയം, ആര്‍എസ്എസ് വേദി പങ്കിട്ട കെ.എന്‍.എ ഖാദറിന്റെ വിശദീകരണം തള്ളി മുസ്ലിം ലീഗ് നേതൃത്വം. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാര്‍ട്ടി നേതൃത്വം പരിശോധിക്കും. കെ.എന്‍.എ ഖാദറിന്റെ വിശദീകരണം മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്.

വിവാദങ്ങള്‍ക്ക് പിന്നാലെ കെ.എന്‍.എ ഖാദര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് പരിപാടിയിലല്ല താന്‍ പങ്കെടുത്തതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. എന്നാല്‍, ഇത് പൂര്‍ണമായും ലീഗ് നേതൃത്വം തള്ളി. കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍ തന്നെയാണ് എത്തിയതെന്നും ആര്‍എസ്എസിന്റെ സംസ്ഥാന പ്രചാര്‍ പ്രമുഖും കേസരിയുടെ എഡിറ്ററുമായ ഡോ.എന്‍.ആര്‍ മധുവാണ് തന്നെ ക്ഷണിച്ചതെന്ന് അദ്ദേഹം തന്നെ ട്വന്റിഫോറിനോട് പ്രതികരിച്ചിരുന്നു.

കെ.എന്‍.എ. ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ.എന്‍.എ. ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ. നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എന്‍.എ.ഖാദറിന്റെയും പ്രസംഗം.

വിഷയത്തില്‍ മുസ്ലിംലീഗ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ. മുനീര്‍ തുറന്നടിച്ചു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി. മായിന്‍ ഹാജി ട്വന്റിഫോറിനോട് പറഞ്ഞു. കെ.എന്‍.എ. ഖാദറിന് പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങോട് പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണമെന്നും ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ലെന്നും വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കെ.എന്‍.എ ഖാദറിന് സങ്കി ചാപ്പകുത്തി ക്രൂശിക്കുന്ന സാംസ്‌കാരിക കേരളത്തിന് ഇതെന്തുപറ്റി ? അറിയാനും അറിയിക്കാനും പ്രചരിപ്പിയ്ക്കാനും സ്വാതന്ത്ര്യമുള്ള സംവാദ സൗഹൃദ കേരളത്തിന് ഇതെന്തുപറ്റി ? ഏതു വേദിയയില്‍ എന്നതല്ല എന്തുപറയുന്നുവെന്നതല്ലെ പ്രധാനം ? ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തിലും മാസികയിലും എഴുതുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരും രാഷ്ട്രീയക്കാരും അവരുടെ ആശയധാര പിന്‍പറ്റുന്നവരാണോ ? ഒരിക്കല്‍കൂടി പറയട്ടെ ഏതു പ്രസ്ഥാനമെന്നതോ ഏതു വേദിയെന്നതോ അല്ല എന്തുപറയുന്നുവെന്നതാണ് പ്രശ്‌നം ? മാര്‍ക്‌സിയന്‍ ആചാര്യനായ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടും ആര്‍എസ്എസ്സ് ആചാര്യനായിരുന്ന പി.പരമേശ്വരനും ഒരേ വേദിയില്‍ എത്രയേറെ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പരസ്പരം സംവദിക്കുന്ന തുറസ്സല്ലെ ജനാധിപത്യം. ആശയപരമായി ഉറപ്പുള്ളവര്‍ക്ക് അത് ഏതുവേദിയിലും ഉറച്ച് പറയാന്‍ സാധിക്കണം. സോളിഡാരിറ്റിയുടെയും ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദിയില്‍ പങ്കെടുത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആശയം വ്യക്തതയോടെ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ഒന്നും എന്റെ പ്രസ്ഥാനം എന്നെ വിലക്കിയിട്ടില്ല.കേസരി ഒരു മാധ്യമ സ്ഥാപനമാണ്.മാധ്യമസ്ഥാപനങ്ങളുടെ പ്രധാന ധര്‍മ്മങ്ങളിലൊന്ന് ജനാധിപത്യത്തിന്റെ സംവദ വേദികളാവുകയെന്നത്, വിവിധ ആശയങ്ങള്‍ അവിടെ തമ്മില്‍ ആശയപരമായി കോര്‍ക്കുമ്പോഴാണ് പുതിയ ആശയധാരകള്‍ സൃഷ്ടിക്കപ്പെടുന്നത്.ആശയ ദാരിദ്ര്യമുള്ളവര്‍ സംവാദങ്ങളെ ഭയപ്പെടും. സ്വന്തം ആദര്‍ശത്തില്‍ സംശയമുള്ളവര്‍ മറ്റ് പ്രത്യയശാസ്ത്രങ്ങളെ കേള്‍ക്കാന്‍ പോലും ഭയപ്പെടും.കെ.എന്‍.എ ഖാദര്‍ പറയാനും കേള്‍ക്കാനും കെല്‍പ്പുള്ളവനാണ്. ആദര്‍ശപരമായി ഉറപ്പുള്ളവനാണ്. ജെ നന്ദകുമാര്‍ ബുദ്ധനെ കുറിച്ചാണ് സംസാരിച്ചത് ബുദ്ധന്‍ വെറുക്കപ്പെടേണ്ടവന്‍ അല്ലാത്തതുകൊണ്ട് ആ പ്രസംഗം ഖാദറിന് രസിച്ചു. പലമതസാരവുമേകമെന്ന ശ്രീനാരായണ ദര്‍ശനമാണ് ഖാദര്‍ കേസരിയുടെ വേദിയില്‍ സംസാരിച്ചത്. സംശയമുള്ളവര്‍ക്ക് കേള്‍ക്കാം. എന്നിട്ടും ക്രൂശിക്കാനാണ് ഭാവമെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ആശയ സംവാദങ്ങള്‍ക്കും സംരക്ഷണമൊരുക്കാന്‍ പൊതുസമൂഹം ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നു.

Story Highlights: KNA Khader ideally sound MT Ramesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here