അറുപതാം പിറന്നാളിന് 60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഇത് ഗൗതം അദാനിയുടെ പിറന്നാള്‍ സമ്മാനം…

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് ഗൗതം അദാനി. അദ്ദേഹത്തിന്റെ 60-ാം പിറന്നാൾ ആഘോഷമാക്കുന്നതിന്റെ ഭാഗമായി 60,000 കോടി രൂപ സാമൂഹിക പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അദ്ദേഹം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയ്ക്കായി അദാനി ഫൗണ്ടേഷനാണ് സംഭാവന കൈകാര്യം ചെയ്യുന്നത്. വ്യാഴാഴ്ച ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ അദാനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിൽ ഇത്രയും വലിയൊരു തുക ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെക്കുന്നത് ഇതാദ്യമായാണെന്ന് ഗൗതം അദാനിയുടെ പിതാവ് ശാന്തിലാൽ അദാനി വ്യക്തമാക്കി. ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം തൊഴിൽപരമായ വികസനം തുടങ്ങിയവയ്ക്കായിരിക്കും തുക ചിലവഴിക്കുക. ശതകോടീശ്വരന്മാരായ മാർക്ക് സക്കർബർഗ്, വാറൻ ബഫറ്റ് തുടങ്ങിയവരും ഇതിനുമുമ്പ് സാമൂഹിക പ്രവർത്തനങ്ങൾക്കായി വലിയ തുക മാറ്റിവച്ചിരുന്നു. ആ നിരയിലേക്കാണ് ഗൗതം അദാനിയും ചേരുന്നത്. 2021-ൽ ബിൽ ഗേറ്റ്‌സും മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സും സംഭാവന നൽകിയതിന്റെ പകുതിയോളം തുക വരും ഇതെന്നാണ് വിലയിരുത്തൽ.
മറ്റു വ്യവസായികളും ഇതുപോലെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാറുണ്ട്. വിപ്രോയുടെ മുൻ ചെയർമാൻ അസിം പ്രേംജിക്ക് 21 ബില്യൺ ഡോളറിന്റെ ഒരു ചാരിറ്റബിൾ ട്രസ്റ്റുണ്ട്. 2021 ൽ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ടാറ്റ സൺസിന്റെ ചെയർമാൻ രത്തൻ ടാറ്റ, നിലവിലെ മൂല്യത്തിൽ 102 ബില്യൺ ഡോളറിലധികം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here