വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ‘പോരാളികൾ’ എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോരാളികൾ എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും സുജിത്ത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് അനുവദിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷാഫി പറമ്പിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ( Shafi Parambil praises Youth Congress workers who protested on the flight )
‘ പ്രിയപ്പെട്ടവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോരാളികൾക്ക് അഭിവാദ്യങ്ങൾ. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്ന കള്ളക്കേസിനെതിരായ നിയമ പോരാട്ടവും സമരങ്ങളെ അടിച്ചമർത്തുന്ന അധികാര ഗർവ്വിനെതിരായ രാഷ്ട്രീയ പോരാട്ടവും തുടരും.’ – അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളിമാത്രമാണെന്നും അതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രതികളുടെ അഭിഭാഷകന്‍ ഈ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതികള്‍ അറിയിച്ചു.
Read Also: 5 ദിവസം, 50ൽ അധികം മണിക്കൂറുകൾ, രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് അധിക്ഷേപ നാടകം; ഷാഫി പറമ്പിൽ
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇവരെ തട്ടിമാറ്റുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. 36 പേരാണ് കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിന്‍ ക്രൂവും ഉള്‍പ്പെടെ മൊത്തം 40 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാമ്യം ലഭിക്കേണ്ട പ്രതികളല്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു. ജാമ്യം കിട്ടിയതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം വി ജയരാജൻ വ്യക്തമാക്കി.
Story Highlights: Shafi Parambil praises Youth Congress workers who protested on the flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here